ഒറ്റ പ്രസവത്തില്‍ ആറ് കണ്‍മണികള്‍;യുവതിയെ അഭിനന്ദിച്ച് പോളിഷ് പ്രസിഡന്റ്

ക്രാക്കോ: ഒറ്റപ്രസവത്തില്‍ ആറുകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ യുവതിയെ അഭിനന്ദിച്ച് പോളിഷ് പ്രസിഡന്റ്. കഴിഞ്ഞ ദിവസമാണ് പോളണ്ട് സ്വദേശിനിയായ യുവതി നാല് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും ജന്മം നല്‍കിയത്. ക്രാക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു യുവതി തന്റെ ആറുകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

890 ഗ്രാം മുതല്‍ 1.3 കിലോ വരെ ഭാരമുള്ള ആറ് കുഞ്ഞുങ്ങള്‍ക്കാണ് യുവതി ജന്മം നല്‍കിയത്. കുഞ്ഞുങ്ങളുടെ ജനനത്തില്‍ അമ്മയെ അഭിനന്ദിച്ച് പോളിഷ് പ്രസിഡന്റ് ട്വീറ്റ് ചെയ്തതോടെയാണ് ഒറ്റപ്രസവത്തിലെ ആറുകണ്‍മണികളുടെ ജനനവിവരം ലോകം അറിയുന്നത്. കുഞ്ഞുങ്ങള്‍ ഇന്‍ക്യൂബേറ്ററിലാണെന്നും അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

‘അവിശ്വസനീയമായ വാര്‍ത്ത. ക്രാക്കോയില്‍ ഇന്ന് ഒറ്റപ്രസവത്തില്‍ ആറുകുഞ്ഞുങ്ങള്‍ ജനിച്ചിരിക്കുന്നു. ഇതാദ്യമായാണ് പോളണ്ടില്‍ ഇത്തരമൊരു സംഭവം ഉണ്ടായത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. കുഞ്ഞുങ്ങളുടെ മാതാപിതാക്കളെയും മെഡിക്കല്‍ സ്റ്റാഫിനെയും എന്റെ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു’- പോളിഷ് പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു.

Top