ഹിന്ദു മഹാസഭ നേതാവിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

ലഖ്‌നൗ: ഹിന്ദു മഹാസഭ നേതാവായ കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായതായി ഉത്തര്‍പ്രദേശ് പൊലീസ്. പ്രവാചകനെ നിന്ദിച്ചതിലെ പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വൈകുന്നേരത്തോടൊണ് നാഗ്പൂരില്‍ നിന്നും ഒരാളെ കൂടി മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അഞ്ച് പേരില്‍ മൂന്ന് പേരെ പിടികൂടിയത് ഗുജറാത്തില്‍ നിന്നാണ്. രണ്ട് പേരെ യുപിയിലെ ബിജിനോറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മൗലാന മുഹ്സിന്‍ ശൈഖ്, റാഷിദ് അഹമ്മദ് പത്താന്‍, ഫൈസാന്‍ എന്നിവരെയാണ് ഗുജറാത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

റഷീദ് പഠാനാണ് ആക്രമണം ആസൂത്രണം ചെയ്തത്. തിവാരിയുടെ വീട്ടിലേക്ക് മധുരം കൊടുക്കാനെന്ന് പറഞ്ഞാണ് മിഠായിപ്പൊതി വാങ്ങിയത്. ഇത് വാങ്ങിയത് ഫൈസാനാണ്. മുഹമ്മദ് മുഫ്തി നയീം, അന്‍വറുള്‍ ഹഖ് എന്നിവരാണ് ബിജ്‌നോറില്‍ നിന്ന് അറസ്റ്റിലായ മതപുരോഹിതര്‍.

ലഖ്‌നൗ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് കെ ഭഗതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഹിന്ദു മഹാസഭയുടെ മുന്‍ നേതാവും നിലവില്‍ ഹിന്ദു സമാജ് പാര്‍ട്ടി നേതാവുമായിരുന്നു കമലേഷ് തിവാരി.

ഖുര്‍ഷിദ് ബാഗിലെ വസതിക്ക് സമീപമായിരുന്നു കൊലപാതകം നടന്നത്. കാവി വസ്ത്രധാരികളായ പ്രതികളില്‍ ഒരാള്‍ ഒരു പെട്ടി മധുര പലഹാരങ്ങള്‍ നല്‍കാനെന്ന വ്യാജേനെ തിവാരിയുടെ വസതിക്ക് സമീപത്തെ ഓഫീസ് മുറിയിലേക്ക് പ്രവേശിക്കുകയും പെട്ടിയില്‍ നിന്ന് തോക്കെടുത്ത് തിവാരിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

Top