ടി ഡി പി എം പി ജെ സി ദിവാകര്‍ റെഡ്ഡിക്ക് ആറ് വിമാനകമ്പനികളുടെ വിലക്ക്

ന്യൂഡല്‍ഹി : ടി ഡി പി എം പി ജെ സി ദിവാകര്‍ റെഡ്ഡിക്ക് ആറ് വിമാനകമ്പനികളുടെ വിലക്ക്.

ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ പോകേണ്ടിയിരുന്ന ദിവാകര്‍ റെഡ്ഡി വൈകിയെത്തിയതാണ് സംഭവങ്ങളുടെ തുടക്കം.

എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേസ്, വിസ്താര, ഗോ എയര്‍ എന്നിവയാണ് റെഡ്ഡിക്ക് വിലക്കേര്‍പ്പെടുത്തിയത്.

വൈകിയെത്തിയതിനെ തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്ന ജീവനക്കാരനോട് മോശം രീതിയില്‍ പെരുമാറിയ റെഡ്ഡി വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും എയര്‍ലൈന്‍സ് ഓഫീസിലെ പ്രിന്റര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.

മൂന്ന് മാസത്തിനിടെ ഇത്തരത്തില്‍ വിലക്ക് ലഭിക്കുന്ന രണ്ടാമത്തെ എം പിയാണ് ദിവാകര്‍ റെഡ്ഡി.

എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചതിനെ തുടര്‍ന്ന് ശിവസേന എം പി രവീന്ദ്ര ഗേയ്ക്ക്‌വാദിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഗേയ്ക്ക് വാദ് മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.

സാധാരണ പാര്‍ലമെന്റ് അംഗങ്ങള്‍ പോലുള്ള വി വി ഐ പികള്‍ യാത്ര ചെയ്യുമ്പോള്‍ പ്രോട്ടോക്കോള്‍ പ്രകാരം പേഴ്‌സണല്‍ സ്റ്റാഫ് നേരത്തെ എത്തിച്ചേരുകയും ബോര്‍ഡിംഗ് പാസ് ഉള്‍പ്പെടെ കൈപ്പറ്റുകയുമാണ് ചെയ്യാറുള്ളത്.

എന്നാല്‍ ദിവാകര്‍ റെഡ്ഡി എം പിയുടെ യാത്രയെ കുറിച്ച് അത്തരത്തിലൊരു വിവരം ലഭിച്ചിരുന്നില്ല എന്നാണ് ജീവനക്കാര്‍ വിശദീകരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല.

Top