എല്ലാ കാറുകള്‍ക്കും ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന എട്ട് സീറ്റര്‍ എസ്.യു.വികളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം വരുന്ന ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുത്തിയേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന എല്ലാ കാറുകള്‍ക്കും ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന എം1 കാറ്റഗറി വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന് കരട് നിര്‍ദേശം 2022 ജനുവരിയാണ് പുറത്തുവരുന്നത്. മുന്‍നിരയില്‍ രണ്ട് സാധാരണ എയര്‍ബാഗും പിന്നിലെ രണ്ട് നിരകളിലായി കര്‍ട്ടണ്‍ എയര്‍ബാഗും നല്‍കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ജനുവരി മുതല്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കാറുകളിലെ അടിസ്ഥാന മോഡല്‍ മുതല്‍ മുന്‍നിരയില്‍ രണ്ട് എയര്‍ബാഗ് നല്‍കിയാണ് എത്തിയിട്ടുള്ളത്.

ഇന്ത്യയില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഈ നീക്കം. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം അപകടങ്ങളുടെ എണ്ണവും ഉയരുകയാണ്. വാഹനങ്ങളിലെ എയര്‍ബാഗുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ അപകടത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, എയര്‍ബാഗുകളുടെ എണ്ണം ഉയരുന്നതോടെ വാഹനത്തിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്നതാണ് നിര്‍മാതാക്കള്‍ക്ക് മുന്നിലെ വെല്ലുവിളി.

Top