ശിവശങ്കറിന്റെ ജാമ്യത്തിനെതിരായ ഹര്‍ജിയും ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ ഹര്‍ജിയും ഒന്നിച്ച് പരിഗണിക്കും; സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യത്തിനെതിരായ ഹര്‍ജിയും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ ഹര്‍ജിയും ഒന്നിച്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി. സ്വര്‍ണക്കടത്ത് അന്വേഷിച്ച ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയ വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി സെപ്റ്റംബര്‍ 16-നാണ് പരിഗണിക്കുന്നത്.

ഇതിനോടൊപ്പം തന്നെ ശിവശങ്കറിന്റെ ജാമ്യം ചോദ്യം ചെയ്ത് ഇ.ഡി. നല്‍കിയ ഹര്‍ജിയും പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.

എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ശേഖരിച്ച രേഖകളും തെളിവുകളും പരിശോധിക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് എതിരെയാണ് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

Top