ഹൈക്കോടതിയിലെ ഐടി നിയമനത്തിലും ശിവശങ്കറിന്റെ കരങ്ങള്‍!

കൊച്ചി: ഹൈക്കോടതിയിലെ ഹൈലെവല്‍ ഐടി ടീമിനെ നിയമിച്ചതിലും ഇടപെട്ട് എം ശിവശങ്കര്‍. എം ശിവശങ്കര്‍ കൂടി പങ്കെടുത്ത യോഗമാണ് അഞ്ചംഗ ടീമിനെ നിയമിച്ചത്. അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെയായിരുന്നു ഇവരുടെ ശമ്പളം. എന്‍ഐസിക്ക് പകരം അഭിമുഖം മാത്രം നടത്തി കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇവരെ നിയമിച്ച ശേഷം വിവരച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്.

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കി. ശിവശങ്കറിനെ സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകളാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയത്. തെളിവുകള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

Top