ശിവശങ്കറിന് കസ്റ്റംസ് നോട്ടീസ് നല്‍കിയത് പുതിയ കേസില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നേരത്തേ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ പല തവണ കസ്റ്റംസ് അടക്കമുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെങ്കില്‍ ഇത്തവണ സമന്‍സ് നല്‍കിയത് പുതിയൊരു കേസിലാണ്.

സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളര്‍ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. സ്വപ്നയ്ക്ക് ഒപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതോടൊപ്പം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ നല്‍കിയ നിര്‍ണായക മൊഴിയില്‍ ശിവശങ്കറിനെതിരെ സുപ്രധാന വിവരങ്ങളുണ്ട് എന്നാണ് സൂചന. ഇതെല്ലാം ചേര്‍ത്ത് പുതുതായി റജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയതെന്നാണ് വിവരം.

ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. അത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് കേസല്ല, പുതിയൊരു കേസ് നമ്പറാണ് നോട്ടീസിലുള്ളതെന്ന് എം ശിവശങ്കറിന് മനസ്സിലായത്. കസ്റ്റംസ് ആക്ടിലെ 108- പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസില്‍ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചു വരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നല്‍കിയത്.

ഇതിന് പിന്നാലെ നോട്ടീസിലെ വിവരങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കര്‍ ചര്‍ച്ച ചെയ്തു. ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കാന്‍ കഴിയുമോ എന്ന് വീണ്ടും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. എന്നാല്‍ അന്ന് തന്നെ ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടത്. തുടര്‍ന്ന്, അദ്ദേഹം വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥരോടൊപ്പം തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

Top