ശിവരഞ്ജിത്തിന്റെയും നസീമിന്റെയും യൂണിവേഴ്സ്റ്റി മാര്‍ക്ക് ലിസ്റ്റ് പുറത്ത്

തിരുവന്തപുരം:യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളുടെ യൂണിവേഴ്സ്റ്റി മാര്‍ക്ക് ലിസ്റ്റ് പുറത്ത്. ശിവരഞ്ജിത്തും നസീമും എം.എ ഫിലോസഫി ആദ്യ രണ്ട് സെമസ്റ്ററുകളും തോറ്റു. ശിവരഞ്ജിത്തിന് ലോജിക് പരീക്ഷയില്‍ ലഭിച്ചത് പൂജ്യം. ആകെ കിട്ടിയത് ഇന്റേണല്‍ പരീക്ഷയില്‍ ആറ് മാര്‍ക്ക് മാത്രം.

നസീമിന് പല വിഷയങ്ങളിലും പൂജ്യം മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫിക്ക് നാല്, വെസ്റ്റേണ്‍ ഫിലോസഫിക്ക് 6.5 എന്നിങ്ങനെയാണ് മാര്‍ക്കുകള്‍. നസീമിന് ഫിലോസഫി ഓഫ് വേദാന്ത, മോഡേണ്‍ വെസ്റ്റേണ്‍ ഫിലോസഫി എന്നീ വിഷയങ്ങളിലും പൂജ്യം മാര്‍ക്കാണ് കിട്ടിയത്.

അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കാമ്പസിലുണ്ടായ സാധാരണ അടിപിടി എന്നാണ് ഇതിനെ ഇരുവരും വാദിച്ചതെങ്കിലും കോടതി വാദം തള്ളുകയായിരുന്നു. പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദില്‍, ആദ്വൈത് എന്നീ പ്രതികള്‍ നല്‍കിയ അപേക്ഷയും തള്ളി.

അതേസമയം ശിവരഞ്ജിത്തിനെതിരെ രണ്ട് കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര കടലാസ് മോഷ്ടിച്ചതിനും വ്യാജ സീല്‍ നിര്‍മ്മിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയിരുന്നു.

Top