സീറ്റ് ക്ഷാമം; പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡില്‍ സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡില്‍ സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ലെന്നും, ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ തുടങ്ങിയിരിക്കുയാണ്. സീറ്റ് ക്ഷാമവും രൂക്ഷമാണ്. മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷം. മലപ്പുറം ജില്ലയില്‍ മാത്രം അപേക്ഷകരില്‍ നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് ഇപ്പോഴും സീറ്റില്ല. ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശന നടപടികള്‍. മെറിറ്റ് കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തുക മുടക്കി മാനേജ്‌മെന്റ് ക്വാട്ടയിലേക്കോ അണ്‍ എയ്ഡഡ് മേഖലയിലേക്കോ മാറേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.

നേരത്തെ, സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. കൃത്യമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും, അദ്ധ്യാപകരും അനദ്ധ്യാപകരുമുള്‍പ്പടെ എല്ലാവരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണെമന്നും ഐഎംഎ നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും വാക്‌സിനെടുത്തവരാണെന്ന് ഉറപ്പുവരുത്തണമെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മാത്രമല്ല, ക്ലാസുകള്‍ക്കിടയിലുള്ള ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണമെന്നും, ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണമെന്നും ഐ എം എ വ്യക്തമാക്കി. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുവാദം ലഭിക്കുന്നതനുസരിച്ച് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ പഠന കേന്ദ്രങ്ങളില്‍ തന്നെ സജ്ജമാക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സന്നദ്ധരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.

Top