ശിവകാര്‍ത്തികേയന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ഡോക്ടര്‍’ 100 കോടി ക്ലബില്‍

ലനമറ്റു കിടന്ന തമിഴ് സിനിമാ ഇന്‍ഡസ്ട്രിക്ക് ആവേശമുണര്‍ത്തി ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’. ഒക്ടോബര്‍ ഒന്‍പതിന് തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 25 ദിവസം കൊണ്ട് നൂറ് കോടിയാണ് ബോക്‌സ്ഓഫിസില്‍ നിന്നും വാരിക്കൂട്ടിയത്. സിനിമയുടെ ആഗോളകലക്ഷന്‍ തുകയാണിത്. കെജെആര്‍ സ്റ്റുഡിയോസും ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെല്‍സനാണ്.

ആദ്യ ആഴ്ചയില്‍ തന്നെ കുടുംബപ്രേക്ഷകരെയും ചെറുപ്പക്കാരെയും ആകര്‍ഷിക്കാനായി എന്നതാണ് ചിത്രത്തിന് ഏറ്റവും വലിയ ഗുണമായി മാറിയത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം മുഴുനീള കോമഡി എന്റര്‍ടെയ്‌നറാണ് ‘ഡോക്ടര്‍’. തമിഴ്‌നാട്ടില്‍ ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്രയധികം കുടുംബപ്രേക്ഷകര്‍ തിയറ്റുകളിലേയ്ക്ക് തിരിച്ചുവരുന്നത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായും ‘ഡോക്ടര്‍’ മാറി.

പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമന്‍, ഇളവരസ്, അര്‍ച്ചന ചന്ദോക്കെ, അരുണ്‍ അലക്‌സാണ്ടര്‍, രഘു റാം, രാജീവ് ലക്ഷ്മണ്‍, ശ്രീജ രവി തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം ഡാര്‍ക് കോമഡി വിഭാഗത്തില്‍പ്പെടുന്നു. ദീപാവലി ദിനത്തില്‍ സണ്‍ ടിവിയിലും നവംബര്‍ അഞ്ച് മുതല്‍ നെറ്റ്ഫ്‌ലിക്‌സിലും ‘ഡോക്ടര്‍’ പ്രദര്‍ശിപ്പിക്കും.

ഒക്ടോബര്‍ 27 മുതല്‍ കേരളത്തിലെ തിയറ്ററുകളിലും ‘ഡോക്ടര്‍’ പ്രദര്‍ശനം തുടങ്ങിയിരുന്നു. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

 

Top