ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; വെങ്കയ്യ നായിഡു ചടങ്ങുകള്‍ക്ക് തിരിതെളിയിക്കും

ശിവഗിരി: എണ്‍പത്തിയേഴാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം കുറിക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ചടങ്ങുകള്‍ക്ക് തിരിതെളിയിക്കുക. തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിപാടിക്ക് അധ്യക്ഷത വഹിക്കും.

തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയില്‍ ഓരോ പാസഞ്ചര്‍ ട്രെയിന്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നാളെ രാവിലെയാണ് തീര്‍ത്ഥാടന ഘോഷയാത്ര നടക്കുക. ജനുവരി ഒന്നിന് തീര്‍ത്ഥാടനം അവസാനിക്കും.

ഈ പരിപാടിക്ക് പുറമെ കേരളത്തില്‍ വേറെ രണ്ട് പരിപാടികളില്‍ക്കൂടി ഉപരാഷ്ട്രപതി ഇന്ന് പങ്കെടുക്കുന്നുണ്ട്. ആറ്റിങ്ങല്‍ തോന്നയ്ക്കലിലുള്ള സായി ഗ്രാമത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ എത്തുന്ന ഉപരാഷ്ട്രപതി, സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷത്തിന്റെ മുഖ്യാതിഥിയാകും. വൈകിട്ട് നാല് മണിക്ക് മാര്‍ ഇവാനിയോസ് ക്യാമ്പസില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലും അദ്ദേഹം പങ്കെടുക്കും.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് രാവിലെ ഒമ്പത് മണി മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണവും ക്രമീകരണവും ഉണ്ടാകുമെന്ന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.

Top