86ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കമാവും

കൊച്ചി : ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാവും. രാവിലെ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയർത്തും.

10 മണിക്ക് ഗവര്‍ണ്ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്ന് വരെയാണ് 86ാമത് ശിവഗിരി തീര്‍ത്ഥാടനം. കേരള ഗവര്‍ണ്ണറിന് പുറമെ മറ്റ് നാല് സംസ്ഥാനത്തെ ഗവര്‍ണ്ണര്‍മാരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

മന്ത്രി എ കെ ബാലൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.

അറിവ്, ആരോഗ്യം ,ആത്മീയത എന്നീ ഗുരുദേവ ആശയങ്ങള മുന്‍നിര്‍ത്തിയാണ് പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. 10,000 പേരെ ഉള്‍ക്കൊള്ളാനാകുന്ന കൂറ്റന്‍ ഹാള്‍ സജ്ജമാക്കി.

“ഗുരുദർശനം വിഭാവനം ചെയ്യുന്ന സമ്പൂർണ മാനവികത’ എന്ന വിദ്യാഭ്യാസ- കൈത്തൊഴിൽ സമ്മേളനം മന്ത്രി സി രവീന്ദ്രനാഥും സാഹിത്യ സമ്മേളനം ഡോ. ശശി തരൂർ എം പിയും ഉദ‌്ഘാടനം ചെയ്യും. എൻ എസ് മാധവൻ അധ്യക്ഷനാകും. ആധ്യാത്മിക സമ്മേളനം തമിഴ്നാട് ഗവർണ്ണർ ബൻവരിലാൽ പുരോഹിതും കലാ പരിപാടികൾ സംവിധായകൻ ഷാജി എൻ കരുണും ഉദ‌്ഘാടനം ചെയ്യും. റസൂൽ പൂക്കുട്ടി മുഖ്യാതിഥിയാകും.

31 ന് പുലർച്ചെ അഞ്ചിന് തീർഥാടന ഘോഷയാത്ര. തീർഥാടന സമ്മേളനം കർണ്ണാടക ഗവർണ്ണർ വാജുഭായ് വാല ഉദ‌്ഘാടനം ചെയ്യും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തും. സംഘടനാസമ്മേളനം മന്ത്രി ടി പി രാമകൃഷ്ണൻ ഉദ‌്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷനാകും. കൃഷി, വ്യവസായം, പരിസ്ഥിതി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും.

ജനുവരി ഒന്നിന് ശാസ്ത്ര സാങ്കേതിക പരിശീലന സമ്മേളനം നാഗാലാന്റ് ഗവർണ്ണർ പി ബി ആചാര്യ ഉദ‌്ഘാടനം ചെയ്യും. മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനാകും. ആരോഗ്യ സമ്മേളനം മന്ത്രി കെ കെ ശൈലജയും സമാപന സമ്മേളനം മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനും ഉദ‌്ഘാടനം ചെയ്യും.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് തീര്‍ത്ഥാടനം. 30, 31,1 തിയതികളില്‍ വര്‍ക്കലയില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Top