സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം ?കോൺഗ്രസ്-എൻസിപി-സേന നേതാക്കൾ ഇന്ന് ഗവർണറെ കാണും

മുംബൈ : പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറായ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻസിപി-ശിവസേന നേതാക്കൾ ഒരുമിച്ച് ഇന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയുമായി കൂടിക്കാഴ്ച നടത്തും.

വൈകീട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കർഷക പ്രശ്നങ്ങളിൽ ഗവർണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. അനൗദ്യോഗികമായി സര്‍ക്കാര്‍ രൂപീകരണവും ചര്‍ച്ചക്കു വരുമെന്നാണ് സൂചന.

മഹാരാഷ്ട്രയില്‍ എന്‍സിപി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്ന വരെ ഭരിക്കുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. സഖ്യസര്‍ക്കാര്‍ ആറുമാസം പോലും ഭരണത്തില്‍ തുടരില്ലെന്ന മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു പവാര്‍.

പൊതു മിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപം നൽകാൻ സോണിയാ ഗാന്ധിയും പവാറും നാളെ ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ ഉദ്ധവ് താക്കറെ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല. ശിവസേന സ്ഥാനപകനായ ബാല്‍താക്കറെയുടെ ചരമദിനം കൂടിയാണ് ഞായറാഴ്ച. ഈ ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ശിവസേന ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നിലയില്‍ അതിനുള്ള സാധ്യത കുറവാണ്.

Top