ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സ്ഥിതി ഗുരുതരമാകുന്നു; തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി മോദി

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും അതിര്‍ത്തിയിലും ചര്‍ച്ചകള്‍ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന് തൊട്ടുമുമ്പ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തില്‍ പ്രധാനമന്ത്രി അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. രാജ്‌നാഥ് സിംഗും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

യോഗത്തിന് തൊട്ടുമുമ്പും ശേഷവും പ്രതിരോധമന്ത്രി കരസേനാമേധാവി എം എം നരവനെയുമായി കൂടിക്കാഴ്ച നടത്തി. ഇപ്പോള്‍ ഡല്‍ഹിയില്‍ പ്രതിരോധമന്ത്രിയുടെ വസതിയില്‍ പ്രതിരോധസേനാതലവന്‍ ബിപിന്‍ റാവത്ത്, കരസേനാമേധാവി എം എം നരവനെ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ പങ്കെടുക്കുന്ന രണ്ടാംവട്ട ചര്‍ച്ച നടക്കുകയാണ്. അതിര്‍ത്തിയിലും ഇന്ത്യ- ചൈന ഉന്നത സൈനികോദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്.

അതേസമയം, ചൈനീസ് വിദേശകാര്യമന്ത്രാലയം ഇന്ത്യയ്‌ക്കെതിരെ ശക്തമായ പ്രസ്താവനയാണ് പുറത്തിറക്കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ ശക്തമായ പ്രതിഷേധം ഇന്ത്യയെ ചൈന അറിയിച്ചെന്നും, വിദേശകാര്യവക്താവ് സാവോ ലിജിയന്‍ വ്യക്തമാക്കി.

വിവാദഭൂമിയായ അക്സായി ചിന്‍ പ്രവിശ്യയിലെ ഗാല്‍വന്‍ താഴ്വരയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യന്‍ അധീനതയിലുള്ള ലഡാക്കിനും ചൈനീസ് അധികാരത്തിലിരിക്കുന്ന അക്സായി ചിനിനും ഇടയിലാണ് ഈ താഴ്വര. ഇതിലൂടെയാണ് അക്സായി ചിന്നിന് ഇന്ത്യന്‍ മണ്ണില്‍ നിന്ന് അതിരിടുന്ന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ കടന്നുപോകുന്നത്.

കഴിഞ്ഞ അഞ്ചാഴ്ചയോളമായി ഇന്ത്യ – ചൈന സൈനികര്‍ തമ്മില്‍ ഗാല്‍വന്‍ താഴ്വരയില്‍ മുഖാമുഖം നില്‍ക്കുകയായിരുന്നു. ഗാല്‍വന്‍ താഴ്‌വരയില്‍ നിന്ന് സൈനികര്‍ പിന്‍മാറിവരികയാണെന്ന് കരസേനാമേധാവി എം എം നരവനെ പറഞ്ഞതിന് രണ്ട് ദിവസത്തിനകമാണ് ഇത്തരമൊരു പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

Top