പിബിയില്‍ ദളിത് പ്രാതിനിധ്യം ഇല്ലാത്തത് ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് യെച്ചൂരി

yechuri

കണ്ണൂര്‍: പോളിറ്റ് ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യമില്ലാത്തതിനേക്കുറിച്ച് വിശദീകരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിബിയില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്നും ദളിത് നേതാവ് ഇല്ലെന്നുമുള്ള പോരായ്മയേക്കുറിച്ച് പാര്‍ട്ടിക്ക് ബോധ്യമുണ്ടെന്ന് യെച്ചൂരി പറഞ്ഞു. ഈ പോരായ്മ പരിഹരിച്ചുകൊണ്ടിരിക്കുകയാണ് എന്നും യെച്ചൂരി പ്രതികരിച്ചു.

ദളിത് വിഭാഗത്തില്‍നിന്ന് ഒരാള്‍പോലും പിബിയില്‍ എത്തുന്നില്ല എന്നതിന് ചരിത്രപരമായ പല കാരണങ്ങളുണ്ട്. ഇത് മറികടക്കേണ്ടവ തന്നെയാണ്. ഇത്തരത്തിലുള്ള പ്രാതിനിധ്യ പ്രശ്നം സിപിഐഎമ്മില്‍ മാത്രമല്ല, മറ്റ് പാര്‍ട്ടികളിലുമുണ്ട് എന്നും യെച്ചൂരി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കാലങ്ങളില്‍ ചൂഷണസ്വഭാവമുള്ളതായിരുന്നു നമ്മുടെ സമൂഹം. അക്കാലത്ത് മേല്‍ജാതികളില്‍ പെട്ടവര്‍ക്ക് മാത്രമാണ് അറിവ് നേടാനും പഠനം സാധ്യമാക്കാനും കഴിഞ്ഞിരുന്നത്. പുതിയ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാകുന്നത് സ്വാഭാവികമായും അത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവര്‍ക്കാണ്. ഈ അവസ്ഥ മാറ്റാനാണു സിപിഐഎം ശ്രമിച്ചത്. പാര്‍ട്ടിയുടെ കീഴ്സമിതികളില്‍ ദളിത്, പിന്നാക്ക പ്രാതിനിധ്യം ധാരാളമായുണ്ട്. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഇത് പ്രകടമാണെന്നും യെച്ചൂരി വ്യക്തമാക്കുന്നു. വിഷയം ഉള്‍പ്പെടെ പാര്‍ട്ടി കോണ്‍ഗ്രസ് എന്തു തീരുമാനമെടുക്കുമെന്ന് തനിക്കു മുന്‍കൂട്ടി പറയാനാവില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടുന്നു.

ദളിത് പ്രാതിനിധ്യമില്ലായ്മ എന്ന പോരായ്മക്കുറിച്ചു പാര്‍ട്ടിക്കു ബോധ്യമുണ്ട്. പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം വേണ്ടത്രയില്ലെന്നതിനെ ന്യായീകരിച്ചിട്ടു കാര്യമില്ലെന്നും യെച്ചൂരി വ്യക്തമാക്കുന്നു. പിബിയില്‍ ഇപ്പോള്‍ രണ്ടു സ്ത്രീകളുണ്ട്. സമിതികളില്‍ സ്ത്രീകളുടെയും ന്യൂനപക്ഷമെടുത്താല്‍, പിബിയില്‍ ഹന്നന്‍ മൊള്ളയും എം.എ.ബേബിയുമുണ്ടെന്നും യെച്ചൂരി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

Top