പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ചയായില്ല, വരാത്ത ട്രയിനിന് എങ്ങനെ പച്ചക്കൊടി കാട്ടുമെന്നും യെച്ചൂരി

yechuri

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയില്‍ ഇല്ലായിരുന്നെന്നും പദ്ധതിക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി സീതാറാം യെച്ചൂരി. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടും എന്നാണ് യെച്ചൂരി ചോദിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ടായിരുന്നില്ല സില്‍വര്‍ ലൈന്‍ എന്ന വാദമാണ് യെച്ചൂരി ഉന്നയിക്കുന്നത്. അതിനാല്‍ത്തന്നെ ചര്‍ച്ച ചെയ്യേണ്ട ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും യെച്ചൂരി ദില്ലിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങിയെത്തി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

”കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തമ്മില്‍ നിലവില്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി വരികയാണ്. അത് പ്രാരംഭഘട്ടത്തിലാണ്. ഇപ്പോഴതിന് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ല. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയില്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ല. പാര്‍ട്ടി കോണ്‍ഗ്രസ് അജണ്ടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുണ്ടായിരുന്നില്ല. വരാത്ത തീവണ്ടിക്ക് എങ്ങനെ പച്ചക്കൊടി കാട്ടും?”, യെച്ചൂരി ചോദിക്കുന്നു.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ സ്വാഗതപ്രസംഗം മുതല്‍ മുഖ്യമന്ത്രി സില്‍വര്‍ ലൈനിനെക്കുറിച്ചുള്ള ചര്‍ച്ച വേദിയില്‍ ഔദ്യോഗികമായിത്തന്നെ തുടങ്ങിവച്ചിരുന്നു. അതിവേഗബുള്ളറ്റ് ട്രെയിനിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുന്ന പാര്‍ട്ടിയുടെ മഹാരാഷ്ട്ര ഘടകത്തിലെ അജീത് ധാവലെ അടക്കമുള്ള അംഗങ്ങള്‍ പങ്കെടുത്ത പ്രതിനിധിസമ്മേളനത്തിലാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈനിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്. കേന്ദ്ര, സംസ്ഥാനനേതൃത്വങ്ങള്‍ തമ്മില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെച്ചൊല്ലി ഒരു ഭിന്നതയുമില്ലെന്ന് വാര്‍ത്താസമ്മേളനങ്ങളില്‍ സിപിഎം കേന്ദ്രനേതൃത്വം പലപ്പോഴും ബോധപൂര്‍വം ശ്രമിച്ചിരുന്നു. എന്നാല്‍ പാരിസ്ഥിതികാഘാതപഠന റിപ്പോര്‍ട്ട് വരാത്തതിനാല്‍ പദ്ധതി ആദ്യഘട്ടത്തിലാണ് എന്നാണ് നേതൃത്വം വ്യക്തമാക്കിയിരുന്നതും, ആവര്‍ത്തിച്ചതും.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സംസ്ഥാന നേതൃത്വത്തെ തല്‍ക്കാലം തടയുന്നില്ല സിപിഎം ദേശീയനേതൃത്വം. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രാനുമതിക്കായുള്ള ശ്രമം തുടരട്ടെ എന്ന് ദേശീയനേതൃത്വം നിലപാടെടുക്കുന്നു. എന്നാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടിയെടുക്കുന്ന പരിസ്ഥിതി നിലപാടില്‍ വെള്ളം ചേര്‍ക്കേണ്ടതില്ലെന്നാണ് യച്ചൂരി ഉള്‍പ്പടെയുള്ളവരുടെ അഭിപ്രായം. വിവാദങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന പരസ്യ എതിര്‍പ്പിന് ഇപ്പോഴില്ലെങ്കിലും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് വന്ന ശേഷം പൂര്‍ണ്ണ സമ്മതം നല്‍കാമെന്നാണ് യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്.

കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകവും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞ ബൃന്ദ കാരാട്ട് ജനങ്ങളുടെ വികാരം മനസ്സിലാക്കിയേ മുന്നോട്ട് പോകൂ എന്ന് വിശദീകരിച്ചു. സാമൂഹികാഘാതപഠനത്തില്‍ ശുഭപ്രതീക്ഷയുണ്ട് എന്നാണ് പൊളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞത്.

എന്നാല്‍, സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പാര്‍ട്ടി കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്താനായിരുന്നു കേരള ഘടകത്തിന്റെ ശ്രമം. സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി തുടങ്ങിയ കെ റെയില്‍ അനുകൂല നിലപാട് ചര്‍ച്ചയില്‍ പങ്കെടുത്ത കേരളാ പ്രതിനിധികളും ആവര്‍ത്തിച്ചതും ഇതിന് തന്നെ.

സില്‍വര്‍ ലൈന്‍ പദ്ധതി ദേശീയ നേതൃത്വം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് നേരത്തേ കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞിരുന്നു. സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ താത്പര്യമാണെന്നും യെച്ചൂരി പറഞ്ഞു. കെ റെയിലില്‍ ഉറച്ച് മുഖ്യമന്ത്രി മുന്നോട്ട് പോകുമ്പോഴാണ് പദ്ധതിയെ ഏറ്റുപിടിക്കാതെയുള്ള യെച്ചൂരിയുടെ വാക്കുകള്‍ ശ്രദ്ധേയമായത്. എന്നാലീ വാക്കുകള്‍ ദില്ലിയിലെ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ആവര്‍ത്തിച്ചില്ല എന്നത് വ്യക്തമാണ്. പക്ഷേ, കെ റയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കുള്ള ആവേശം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കില്ലെന്ന് ശ്രദ്ധേയമാണ്. നയപരമായ ചോദ്യങ്ങള്‍ നേരിടുമ്പോള്‍ കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും തന്നെയാണ് യെച്ചൂരി നിലപാടെടുക്കുന്നത്.

Top