ന്യൂഡല്‍ഹി: സിപിഐഎം സംസ്ഥാന കമ്മിറ്റിക്കെതിരായ വി.എസ് അച്യുതാനന്ദന്റെ പരാതി അന്വേഷിക്കുന്ന പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഈ മാസം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വി.എസിനെതിരായ സംസ്ഥാന ഘടകത്തിന്റെ പരാതിയും സംസ്ഥാന നേതൃത്വത്തിനെതിരായി വി.എസ് നല്‍കിയ പരാതിയുമാണ് പി.ബി കമ്മീഷന്റെ പരിഗണനയിലുള്ളത്.
പുതിയ പദവിയിലും സെക്രട്ടേറിയറ്റ് അംഗത്വത്തിന്റെ കാര്യത്തിലും തീരുമാനമാകാതെ വി.എസ് ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യുവാന്‍ തീരുമാനമായത്.
പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമായിട്ടാകും സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം വേണമെന്ന വിഎസിന്റെ ആവശ്യത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുക.
വിഎസ് വിഷയം ചര്‍ച്ച ചെയ്യാന്‍ നിയുക്തമായ പിബി കമ്മീഷന്റെ റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ തയ്യാറാകുമെന്ന് യെച്ചൂരി പറഞ്ഞു.
കമ്മീഷന്റെ ഒരു സിറ്റിങ് കഴിഞ്ഞതാണ്. എന്നാല്‍ ചര്‍ച്ച പൂര്‍ത്തിയാക്കാനായില്ല. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് ശ്രമം. പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് വരാത്തതിനാല്‍ വിഎസ് വിഷയം ഇന്നലെ പിബി ചര്‍ച്ച ചെയ്തില്ല.
എന്നാല്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി സംബന്ധിച്ച കാര്യത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്.
സംസ്ഥാന ഘടകത്തില്‍ ഇനിയും വിഭാഗീയത മൂര്‍ച്ഛിക്കാത്ത വിധത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തപ്പെട്ടതിന് പകരമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിഎസിന് പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗത്വം നല്‍കുന്നതിനെ സംസ്ഥാന ഘടകം അനുകൂലിക്കുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റില്‍ തിരിച്ചത്തെുകയെന്ന ലക്ഷ്യത്തില്‍ നിന്ന് പിന്മാറാന്‍ വി.എസും തയ്യാറല്ല.