യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് യെച്ചൂരി ഇന്ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യെച്ചൂരി കഴിഞ്ഞ ദിവസം തരിഗാമിയെ ജമ്മുകശ്മീരിലെത്തി സന്ദര്‍ശിച്ചിരുന്നു.

ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ അല്ല എന്നും തരിഗാമിയുടെ ആരോഗ്യ സ്ഥിതി അത്യന്തം മോശമാണെന്നുമാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയ യെച്ചൂരി പറഞ്ഞത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് കാഷ്മീരിലെത്തിയ യെച്ചൂരി ഗുപ്കര്‍ റോഡിലുള്ള തരിഗാമിയുടെ വസതിയിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു സന്ദര്‍ശനം. ഓഗസ്റ്റ് അഞ്ച് മുതല്‍ തരിഗാമി വീട്ടുതടങ്കലിലാണ്.

തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതി അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് വന്നത്. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രം തരിഗാമിയെ യെച്ചൂരിക്ക് കാണാം. രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

Top