മതനിരപേക്ഷതയും ജനാധിപത്യവും പരസ്‌പരം ആശ്രയിച്ച് നിലകൊള്ളുന്നതെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: മതനിരപേക്ഷതയില്ലെങ്കിൽ ജനാധിപത്യത്തിന്‌ നിലനിൽപ്പില്ലെന്നും രണ്ടും പരസ്‌പരം ആശ്രയിച്ചാണ്‌ നിലകൊള്ളുന്നതെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇ എം എസിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ ഹിന്ദി പരിഭാഷയായ ‘മാർക്‌സ്‌വാദ്‌ ഓർ ധരംനിരപേക്ഷത’ (മാർക്‌സിസവും മതനിരപേക്ഷതയും) എന്ന പുസ്‌തകം പ്രകാശിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനിൽ നടന്ന ചടങ്ങിൽ പുസ്തകം യെച്ചൂരിയിൽനിന്ന് പ്രമുഖ ഹിന്ദി കവി വിഷ്ണുനാഗർ ഏറ്റുവാങ്ങി. കലിക്കറ്റ് സർവകലാശാലയിലെ ഇ എം എസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചാണ്‌ പുസ്‌തകം തയ്യാറാക്കിയത്‌.

ഹിന്ദുരാഷ്‌ട്രവാദത്തെ എതിർത്തതിനും മതനിരപേക്ഷതയ്‌ക്കായി നിലകൊണ്ടതിനുമാണ്‌ ഗാന്ധി കൊലചെയ്യപ്പെട്ടത്‌. മുസ്ലിം രാഷ്‌ട്രമെന്ന നിലയിൽ പാകിസ്ഥാൻ രൂപീകരിക്കപ്പെട്ടപ്പോൾ എന്തുകൊണ്ട്‌ ഇന്ത്യ ഹിന്ദുരാഷ്‌ട്രമാകുന്നില്ലെന്നായിരുന്നു ഹിന്ദുത്വവാദികൾ ഉന്നയിച്ചത്‌. മതനിരപേക്ഷതയുടെ കാവലാളായി എക്കാലവും നിലകൊണ്ട ഇ എം എസിന്റെ കൃതികൾ ഇന്നും പ്രസക്തമാണ്‌. വാജ്‌പേയി സർക്കാരിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച്‌ മരണത്തിന്‌ തൊട്ടുമുമ്പെഴുതിയ ലേഖനത്തിൽപ്പോലും ബിജെപിയെക്കുറിച്ചും അവരുടെ ആശയങ്ങളെക്കുറിച്ചും ഇ എം എസ്‌ വ്യക്തമായ മുന്നറിയിപ്പ്‌ നൽകിയിരുന്നു–- യെച്ചൂരി പറഞ്ഞു.

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി അധ്യക്ഷനായി. ഇ എം എസ് ചെയർ കോ–- ഓർഡിനേറ്റർ ഡോ. പി അശോകൻ, അധ്യാപകൻ ഡോ. എൻ എം സണ്ണി, സിപിഐ എം ഡൽഹി സെക്രട്ടറിയറ്റ്‌ അംഗം രാജീവ് കൻവർ എന്നിവർ സംസാരിച്ചു. ഇ എം എസിന്റെ കൊച്ചുമക്കളായ അനുപമ ശശി, ഹരീഷ് ദാമോദരൻ എന്നിവരും പങ്കെടുത്തു. കലിക്കറ്റ്‌ സർവകലാശാലയിലെ ഇ എം എസ്‌ ചെയർ, ജനസംസ്‌കൃതി, ജനവാദി ലേഖക് സംഘ്, ജനനാട്യമഞ്ച് എന്നിവ ചേർന്നാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

Top