ദില്ലി: പാഠപുസ്തകങ്ങളില്‍ ഇന്ത്യ മാറ്റി ഭാരത് എന്നാക്കാനുള്ള എന്‍സിഇആര്‍ടി സമിതി ശുപാര്‍ശക്കെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് യെച്ചൂരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നാക്കിയതും ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടാകാമെന്നും യെച്ചൂരി പ്രതികരിച്ചു.
അതേസമയം, ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകള്‍ കേരളം തേടി. ഇന്ത്യയെന്ന പേര് നിലനിര്‍ത്തി എസ്‌സിഇആര്‍ടിയുടെ പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള സാധ്യതകള്‍ തേടും. ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയില്‍ പേര് മാറ്റത്തെ ശക്തമായി എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനം.
പാനലിന്റെ ശുപാര്‍ശ വലിയ വിവാദമായതോടെ വിഷയം തണുപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. സമിതിയുടെ നിലപാട് കേന്ദ്ര സര്‍ക്കാരിന്റേതല്ലെന്നും വിവാദമുണ്ടാക്കുന്നവര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാത്തിരിക്കണമെന്നും എന്‍സിഇആര്‍ടി അദ്ധ്യക്ഷന്‍ ദിനേശ് സക്ലാനി വിശദീകരിക്കുന്നു.