ഗവര്‍ണര്‍ക്കെതിരായ പ്രമേയം; തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയല്ല, സര്‍ക്കാര്‍: യെച്ചൂരി

yechury

കണ്ണൂര്‍: ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി അല്ലെന്നും, സംസ്ഥാന’സര്‍ക്കാരാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ നിയമസഭയുടെ അന്തസ് ചോദ്യംചെയ്ത ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പ്രതിപക്ഷ പ്രമേയത്തില്‍ ചട്ടപ്രകാരം, നടപടി ഉചിതമായ സമയത്ത് എടുക്കുമെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നിലപാട്.

അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയ നീക്കത്തെ എല്‍ഡിഎഫ് നേരത്തെ തള്ളിയിരുന്നു. പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. കേരളത്തില്‍ നിലവില്‍ ഭരണഘടനാ പ്രതിസന്ധിയൊന്നും ഇല്ല. വിസിലടിക്കുന്നതിന് മുമ്പെ ഗോളടിക്കാന്‍ ചെന്നിത്തല ശ്രമിക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നുമാണ് എ വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ചെയ്യാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവിന് ഇടപെടേണ്ടി വന്നതെന്നായിരുന്നു ഇതിന് രമേശ് ചെന്നിത്തലയുടെ മറുപടി.

Top