നീരവിനൊപ്പം നരേന്ദ്രമോദി ദാവോസില്‍ ;സര്‍ക്കാര്‍ മറുപടി പറയണം: ആഞ്ഞടിച്ച് സീതാറാം യച്ചൂരി

modi-yechuri

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ആരോപണം ഉയര്‍ന്നതിന് ശേഷവും പ്രധാനമന്ത്രി നീരവ് മോദിയ്‌ക്കൊപ്പം സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തതായാണ് ആരോപണം. ദാവോസില്‍ സിആഒ സമ്മേളനത്തില്‍ ഇരുവരും പങ്കെടുത്ത ചിത്രം യച്ചുരി ട്വിറ്ററിലൂടെ പുറത്ത് വിട്ടു.

നീരവ് മോദിക്കെതിരെ അന്വേഷണം നടക്കുന്ന സമയത്തു തന്നെ ഇയാള്‍ രാജ്യം വിട്ടതാണെന്നും യച്ചൂരി ആരോപിച്ചു. ജനുവരി 31ന് എഫ്‌ഐആര്‍ തയാറാക്കുന്നതിനു മുന്‍പ് നീരവ് ദാവോസിലെത്തി. പ്രധാനമന്ത്രിക്കൊപ്പം നിന്ന് ചിത്രവുമെടുത്തെന്നും, വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും യച്ചുരി ആവശ്യപ്പെട്ടു.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ 11,346 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് രത്‌നവ്യാപാരിയായ നീരവ് മോദിയുടെ വീടുകളിലും ഓഫീസുകളിലും ജൂവലറി ഷോപ്പുകളിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. ഗുജറാത്തിലെ സൂററ്റിലും മുംബയിലെ നാലിടങ്ങളിലും ഡല്‍ഹിയിലുമാണ് പരിശോധന നടക്കുന്നത്. ഇതോടൊപ്പം ഓഹരി വിപണിയുടെ നിയന്ത്രണമുള്ള സെക്യൂരിറ്റി എക്‌സചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (സെബി)യും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബാങ്ക് നല്‍കിയ പരാതിയിലാണിത്.

ഇന്നലെയാണ് ബാങ്കിലെ തട്ടിപ്പ് പുറത്ത് വന്നത്. നീരവ് മോദിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് സി.ബി.ഐയുടെ സംശയം. ഇതേ ബാങ്കില്‍ 280 കോടിയുടെ മറ്റൊരു തട്ടിപ്പിന് നിലവില്‍ ഇയാള്‍ സി.ബി.ഐ അന്വേഷണം നേരിടുകയാണ്. ബാങ്കിന്റെ ഗാരന്റിയില്‍ വിദേശത്ത് നിന്നാണ് പണം പിന്‍വലിച്ചത്.

തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ശാഖയുടെ ഡെപ്യൂട്ടി മാനേജര്‍ ഉള്‍പ്പെടെ പത്ത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 11,342 കോടിയുടെ തട്ടിപ്പിന് പിന്നില്‍ രത്‌നവ്യാപാരിക്ക് പുറമേ മറ്റുചില അക്കൗണ്ട് ഉടമകളുമുണ്ടെന്ന് സൂചനയുണ്ടെങ്കിലും ആരുടെയും പേരുകള്‍ ബാങ്ക് പുറത്തുവിട്ടിട്ടില്ല.

Top