യെച്ചൂരിക്ക് തരിഗാമിയെ കാണാൻ അനുമതി; കേന്ദ്ര സർക്കാരിന്റെ വാദം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: കരുതല്‍ തടങ്കലില്‍ കഴിയുന്ന എം.എല്‍.എയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

കേന്ദ്ര സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രം തരിഗാമിയെ യെച്ചൂരിക്ക് കാണാം. രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

താരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് സന്ദര്‍ശനാനുമതി. താരിഗാമിയെ കാണുക എന്നതല്ലാതെ മറ്റൊന്നും പാടില്ല. സന്ദര്‍ശനം രാഷ്ട്രീയ ഉദ്ദ്യേശത്തോടെ ആകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിച്ചുണ്ട്.

തരിഗാമിയെ കാണാന്‍ താന്‍ കശ്മീരിലേക്ക് പോയപ്പോള്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞെന്നും വീട്ടു തടങ്കലിലാക്കിയ ശേഷം അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും യെച്ചൂരി കോടതിയില്‍ അറിയിച്ചിരുന്നു.

താരിഗാമിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഇല്ലെന്ന് അറിയിച്ചാണ് യെച്ചൂരിയുടെ സന്ദര്‍ശനത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. എന്നാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങള്‍ കോടതി തള്ളി. ശ്രീനഗര്‍ എസ്പിക്കാണ് യെച്ചൂരിയുടെ സുരക്ഷാച്ചുമതല നല്‍കിയിരിക്കുന്നത്.

ദിവസം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം എംഎല്‍എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി കഴിഞ്ഞ കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല.ഇതിന് പിന്നാലെയാണ് യെച്ചൂരി യൂസഫ് തരിഗാമിയെ കണ്ടെത്തുന്നതിന് സുപ്രീകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.

Top