പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സീതാറാം യെച്ചൂരിയുടെ പരാതി

ന്യൂഡല്‍ഹി : ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന്റെ വാര്‍ത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡി.ആര്‍.ഡി.ഒ. മേധാവി ആയിരുന്നെന്ന് സി.പി.ഐ.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ സുനില്‍ അറോറയ്ക്ക് പരാതി നല്‍കി.

രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റ ചട്ടം പുറപ്പെടുവിച്ചതിനും ശേഷമാണ് ഇങ്ങനെ ഒരു പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും വരുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഈവിധം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിഞ്ഞിരുന്നോ എന്നറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പ്രവര്‍ത്തിയെ പരിഗണിക്കുകയും അതിന് അനുവാദം നല്‍കുകയും ചെയ്തിരുന്നോവെന്ന് സീതാറാം യെച്ചൂരി പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് കമ്മിഷന്‍ പകര്‍പ്പ് ആവശ്യപ്പെട്ടത്.

Top