‘നിയമങ്ങള്‍ പിന്‍വലിച്ചത് ഇന്ത്യയിലെ എല്ലാവരുടെയും വിജയം’; കര്‍ഷകരെ അഭിനന്ദിച്ച് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിന് മുന്നില്‍  കീഴടങ്ങി മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും കേന്ദ്രസർക്കാർ പിന്‍വലിച്ചത് ഇന്ത്യയിലെ എല്ലാവരുടെയും വിജയമാണെന്ന് സിപിഎം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ധീരമായ പോരാട്ടം നടത്തിയ കര്‍ഷകര്‍ക്ക്  അഭിവാദ്യം അർപ്പിക്കുന്നു. പാർലമെന്റിൽ ബിൽ പിൻവലിക്കും വരെ സമരം എന്ന കർഷക സംഘടനകളുടെ നിലപാടിനെ  പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പ്രചാരവേല കൊണ്ട് ജനരോക്ഷത്തെ മറികടക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം നടത്തിയപ്പോഴും ന്യായീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. മിനിമം താങ്ങുവില സംബന്ധിച്ച് ഉറപ്പ് ലഭിച്ചില്ല. കര്‍ഷകരെ ആക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടികള്‍ വേണമെന്നും സമരത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നറിയിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് രംഗത്തുവന്നു. പാര്‍ലമെന്റ് നിയമം റദ്ദ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു.

അതേസമയം ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍ അവരവരുടെ വീട്ടിലേക്ക് മടങ്ങി പോകണമെന്നും നരേന്ദ്രമോദി അറിയിച്ചു.

Top