പെഗാസസ് വാങ്ങാന്‍ കേന്ദ്രത്തിന് ആര് അനുമതി നല്‍കിയെന്ന് സീതാറാം യെച്ചൂരി

sitaram yechoori

പെഗസിസ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൊതുപണം ഉപയോഗിച്ച് പെഗസിസ് വാങ്ങിയത് ജനാധിപത്യത്തെ തകര്‍ക്കാനാണ്. എന്തിന് പെഗസിസ് വാങ്ങിയെന്നും ആര് അനുമതി നല്‍കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

ആരെയൊക്കെ നിരീക്ഷിക്കണം എന്ന് എങ്ങനെ തീരുമാനിച്ചു എന്നും അദ്ദേഹം ചോദിച്ചു. ആര്‍ക്കാണ് അതിന്റെ റിപ്പോര്‍ട്ട് കിട്ടിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ണായക വിഷയത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ക്രിമിനല്‍ കുറ്റം ചെയ്തത് അംഗീകരിക്കുന്നതിന് തുല്യമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ ചാരസോഫ്റ്റ്‌വെയറായ പെഗസിസ് ഇന്ത്യ വാങ്ങിയിരുന്നതായുള്ള ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തലില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയത് രാജ്യദ്രോഹമാണ്. ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പെഗസിസ് വാങ്ങിയതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഇസ്രയേലി ചാരസോഫ്റ്റ്‌വെയറായ പെഗസിസ് 2017 ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ വാങ്ങിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുപ്രിം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.

 

 

Top