സിപിഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ല: യെച്ചൂരി

yechu

ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ക്ക് തീവ്ര ഇസ്ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയില്‍ അതൃപ്തിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ല. അവരുടെ പ്രവര്‍ത്തന രീതി ചെറുക്കേണ്ടതുമാണ്. പക്ഷേ, അവരുടെ പ്രവര്‍ത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യെച്ചൂരി പറഞ്ഞു.

താമരശേരിയില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റ ഭാഗമായുളള സമാപന സമ്മേളനത്തിലായിരുന്നു മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ ആരോപണം. ഇസ്ലാമിക തീവ്രവാദികളാണ് ഇപ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും കോഴിക്കോട് കേന്ദ്രമായുള്ള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതെന്നുമായിരുന്നു മോഹനന്റെ വാക്കുകള്‍.

ഇപ്പോള്‍ ഇത് ഏറ്റുപിടിക്കുകയാണ് ബിജെപിയും ഹിന്ദു സംഘടനകളും. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായതിന്റെ പഴി മറ്റുള്ളവര്‍ക്ക് മേല്‍ ചാര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് തിരിച്ചടിച്ചു.

Top