കെ വി തോമസ് അനുഭവസമ്പത്തുള്ള നേതാവ്; നിലപാട് സ്വാ​ഗതാർഹം: യെച്ചൂരി

ഡൽഹി: ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള കെ വി തോമസിന്റെ നിലപാട് സ്വാ​ഗതാർഹമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ വി തോമസ് അനുഭവസമ്പത്തുള്ള നേതാവാണ്. കെ.വി തോമസിൻ്റെ കാര്യത്തിൽ കോൺഗ്രസ് എന്ത് ചെയുന്നുവെന്ന് നോക്കട്ടെ. ആര് താൽപര്യം പ്രകടിപ്പിച്ചാലും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്നും യെച്ചൂരി പ്രതികരിച്ചു.തൃക്കാക്കരയിലേത് സി പി എം സ്ഥാനാർത്ഥി തന്നെയാണ്. സ്ഥാനാർത്ഥിയെ നിർത്തിയത് സഭയല്ല സി പി എമ്മാണെന്നും യെച്ചൂരി പറഞ്ഞു.

കൊച്ചിയിലെ വാർത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച കെ വി തോമസ് വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതെന്നും വ്യക്തമാക്കി. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ആരോപണ പ്രത്യാരോപങ്ങൾക്കും പിന്നാലെയാണ് കെ വി തോമസ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്.

Top