പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിച്ചതെന്തിനെന്ന് മോദി രാജ്യത്തോട് പറയണമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍.എസ്.എസിനെ എന്തുകൊണ്ടാണ് നിരോധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് പറയണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരമ്പരയുടെ 37-ാം ഭാഗത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ തത്വശാസ്ത്രങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. പട്ടേലിന്റെ ജന്മദിനം ദേശീയ ഐക്യദിനമായി ആചരിക്കുമെന്നും മോദി മന്‍ കി ബാത്തിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.

പ്രധാനമന്ത്രി ആദ്യം ചരിത്രം പഠിക്കണം. മഹാത്മാഗാന്ധിയുടെ വധമുള്‍പ്പെടെയുള്ള അക്രമങ്ങള്‍ക്ക് പിറകില്‍ ആര്‍.എസ്.എസ് ആണെന്ന സര്‍ദാര്‍ ജിയുടെ തിരിച്ചറിവാണ് സംഘടനയെ നിരോധിക്കുന്നതില്‍ എത്തിയത്. ഗാന്ധിയുള്‍പ്പെടെയുള്ള നിരവധി നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹം ആര്‍.എസ്.എസ് നിരോധിച്ചത്. അദ്ദേഹം നിലകൊണ്ടത് രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടിയായിരുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സംഭാവനകളെ കുറിച്ച് വാചാലനാകുന്ന മോദി, ഇന്ത്യന്‍ സമൂഹത്തിന്റെ ഏകീകരണത്തിനായി അദ്ദേഹം ചെയ്ത ഈ കാര്യം മാത്രം ഒഴിവാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

ഖാദിയെ പുതിയ കണ്ടുപിടുത്തമെന്നപോലെയാണ് മോദി അവതരിപ്പിക്കുന്നത്. ഖാദി ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണെന്നും അത് മോദി ജനിക്കുന്നതിനു മുമ്പ് ഇന്ത്യയില്‍ സ്ഥാപിതമായ വ്യവസായമാണെന്നും യെച്ചൂരി പ്രതികരിച്ചു. ഇന്ത്യയെ കണ്ടെത്തിയത് താനാണെന്ന പോലെയാണ് മോദി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top