സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

nun-found-dead

കൊല്ലം: കൊല്ലം പത്തനാപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. സൂസണിന്റേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അന്നനാളത്തില്‍ നിന്ന് നാഫ്ത്തലിന്‍ ഗുളിക കണ്ടെത്തി. ഇടതു കൈയിലുണ്ടായിരുന്നത് ആഴത്തിലുള്ള മുറിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളം ഉളളില്‍ ചെന്നതാണ് മരണകാരണം.

അതേസമയം, അന്വേഷണ സംഘം ഇന്ന് മഠത്തിലെ കന്യാസ്ത്രീകളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ച മൊഴികളും ഒത്ത് നോക്കിയ ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പൊലീസ് പറയുന്നത്.

മൗണ്ട് തബോര്‍ മഠത്തിലെ കന്യാസ്ത്രീയായ സൂസന്‍ മാത്യുവിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയിലേക്ക് പ്രാര്‍ഥനക്ക് പോകാനായി മറ്റ് കന്യാസ്ത്രീകള്‍ ഇവരെ വിളിച്ചിരുന്നു. എന്നാല്‍ ഇന്ന് താന്‍ പ്രാര്‍ഥനയ്ക്ക് ഇല്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കന്യാസ്ത്രീ ഇവരോട് വ്യക്തമാക്കുകയായിരുന്നു.

തുടര്‍ന്നുള്ള സമയങ്ങളില്‍ മഠത്തില്‍ കന്യാസ്തീ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കന്യാസ്ത്രീയെ കാണാതായതോടെ നടത്തിയ തിരച്ചിലിനൊടുവില്‍ മഠത്തിലെ ജീവനക്കാരാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. പത്തനാപുരത്ത് സെന്റ് സ്റ്റീഫന്‍ സ്‌കൂളിലെ അധ്യാപികയാണ്. കഴിഞ്ഞ 12 വര്‍ഷമായി ഈ സ്‌കൂളില്‍ ജോലി ചെയ്തുവരികയായിരുന്നു സൂസന്‍.

Top