അപവാദ പ്രചരണം: പരാതി നല്‍കാനൊരുങ്ങി സിസ്റ്റര്‍ ലൂസി കളപ്പുര

കല്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദ പ്രചരണം നടത്തുന്നതായി പരാതി.മഠത്തില്‍ സിസ്റ്ററെ കാണാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ പോലീസിന് പരാതി നല്‍കുമെന്നും മാനന്തവാടി രൂപതയുടെ പി.ആര്‍. ടീമില്‍ അംഗമായ വൈദികനാണ് ഇതിന്റെ പിന്നിലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു.

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതല്‍ തനിക്കെതിരെ പലതരത്തിലുള്ള അപവാദപ്രചരണങ്ങളും നടക്കുന്നുണ്ട്. വൈദികന്റെ ഫേക്ക് ഐഡിയില്‍നിന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കി ഉത്തരവിട്ടെങ്കിലും അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെ മഠത്തില്‍ തുടരുമെന്നും സിസ്റ്റര്‍ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതുകൊണ്ടാണ് താൻ ഇരയാക്കപ്പെടുന്നതെന്നും ലൂസി പറഞ്ഞിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് എഫ്.സി.സി. സന്ന്യാസ സഭയില്‍നിന്നും സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയിരുന്നു. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Top