സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതാകാം; കൂറുമാറി സാക്ഷികള്‍, ഇവര്‍ ആരെയാണ് ഭയക്കുന്നത്?

തിരുവനന്തപുരം: വിവാദമായ സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറിയതായി റിപ്പോര്‍ട്ട്. കന്യാസ്ത്രീയായ ഇലിസിറ്റയും കോണ്‍വെന്റിലെ ജോലിക്കാരിയായ ത്രേസ്യാമ്മയുമാണ് ഇപ്പോള്‍ കൂറുമാറിയിരിക്കുന്നത്. നിലവില്‍ കേസില്‍ കൂറുമാറിയ പ്രതികളുടെ എണ്ണം പത്ത് ആണ്.

ഇന്ന് കൂറുമാറിയ രണ്ട് പേരും അഭയ മരിക്കുന്ന ദിവസം പയസ് ടെന്‍ത് കോണ്‍വെന്റില്‍ ഉണ്ടായിരുന്നു. കോണ്‍വെന്റിന്റെ അടുക്കളയില്‍ അസ്വാഭാവികമായി പലതും കണ്ടിരുന്നുവെന്ന് ഇവര്‍ നേരത്തെ സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കോടതിയില്‍ എല്ലാ മൊഴികളും തിരുത്തുകയായിരുന്നു രണ്ട് പേരും. മൃതദേഹം കിണറ്റില്‍ നിന്ന് പൊക്കിയെടുക്കുന്നത് കണ്ടില്ലെന്നാണ് ഇന്ന് ഇരുവരും മൊഴി നല്‍കിയത്. മാത്രമല്ല കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്ന ഇരുവരും ഇന്ന് അഭയയുടേത് ആത്മഹത്യ ആകാമെന്നും കോടതിയില്‍ പറഞ്ഞു.

അതേസമയം സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ സാക്ഷിമൊഴി നല്‍കിയിരുന്നു. സിസ്റ്റര്‍ അഭയയുടെ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ സിജെഎം കോടതി നേരത്തെ വെറുതെ വിട്ട ഉദ്യോഗസ്ഥരായ ഗീതയും ചിത്രയുമാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇങ്ങനെ മൊഴി നല്‍കിയത്.

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് നടപടികള്‍ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു.

Top