സിസോദിയ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; കേസിന് മാധ്യമങ്ങൾ രാഷ്ട്രീയ നിറം നൽകുന്നെന്ന് സിബിഐ

ദില്ലി : മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. ഡയറി, ഭഗവത് ഗീത, പെൻ, കണ്ണട എന്നിവ തിഹാ‍ര്‍ ജയിലിലെ സെല്ലിൽ കൈയിൽ വയ്ക്കാൻ കോടതി അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്. മാധ്യമങ്ങളും എഎപി പ്രവർത്തകരും വിഷയം രാഷ്ട്രീയവക്കരിക്കുകയാണെന്നും പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നൽകുമെന്നും സിബിഐ അറിയിച്ചു.

കോടതി ഉത്തരവ് പറയും മുൻപേ മാധ്യമങ്ങൾ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുകയാണെന്ന് സിബിഐ കുറ്റപ്പെടുത്തി. മാധ്യമങ്ങൾ കേസിന് രാഷ്ട്രീയ നിറം നൽകുന്നു. സിബിഐ തെറ്റെന്ന് വ്യാഖ്യാനിക്കുന്നു. സാക്ഷികൾ ഭയപ്പാടിലാണെന്നും സിബിഐ കോടതിയിൽ നിലപാടെടുത്തു. എന്നാൽ മാധ്യമങ്ങളെ വിലക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. നിലവിൽ പ്രതിഷേധം സമധാനപരമാണ്. കോടതി ഇടപെടേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും കോടതി വ്യക്തമക്കി.

അതേ സമയം, കേന്ദ്രത്തിനെതിരെ രൂക്ഷ വിമ‍ര്‍ശനവുമായി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. പ്രതിപക്ഷ പാർട്ടി നേതാക്കളെ കേന്ദ്രം വേട്ടയാടുകയാണെന്ന് കെജ്‌രിവാൾ ആരോപിച്ചു. എവിടെ മറ്റു പാർട്ടികൾ സ‍ര്‍ക്കാര്‍ ഉണ്ടാക്കിയാലും ഇഡിയും സിബിഐയും റെയ്ഡ് ചെയ്യും. സംസ്ഥാനത്തെ നല്ല രീതിയിൽ പ്രവ‍ര്‍ത്തിക്കാൻ ഗവർണർമാർ അനുവദിക്കില്ല, രാജ്യം ഒരുമിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും ദില്ലി മുഖ്യമന്ത്രി വ്യക്തമാക്കി.

Top