സിരി സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനം ഉപയോഗിച്ച് ഇനി വാട്‌സ്ആപ്പ് സന്ദേശങ്ങളയക്കാം

ഫോണിലെ വാട്‌സ്ആപ്പിലൂടെ ഗ്രൂപ്പുകളിലേക്ക് സിരി സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനം ഉപയോഗിച്ച് ഇനി സന്ദേശങ്ങളയക്കാം. വാട്‌സ്ആപ്പ് ഐഓഎസ് 2.18.80 അപ്‌ഡേറ്റിലാണ് പുതിയ സിരി സേവനം ലഭ്യമാവുക. ഇതുവഴി സിരിയ്ക്ക് നല്‍കുന്ന ശബ്ദ നിര്‍ദേശങ്ങളിലൂടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയ്ക്കാനാവും. 2016ല്‍ വാട്‌സ്ആപ്പ് കോണ്ടാക്റ്റുകളിലേക്ക് മാത്രമായി സിരി ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു.

സിരി ഉപയോഗിച്ച് ഗ്രൂപ്പിലേക്ക് സന്ദേശമയക്കാന്‍ Hey siri എന്ന കമാന്റ് കൊടുത്ത ശേഷം. ‘Send a message to WhatsApp group [ഗ്രൂപ്പിന്റെ പേര്] പറയുക. ഒരേ പേരില്‍ ഒന്നിലധികം ഗ്രൂപ്പുകളുണ്ടെങ്കില്‍ അതിന്റെ പട്ടിക തുറന്നുവരും. ആ പട്ടികയില്‍ വേണ്ടത് തിരഞ്ഞെടുത്തതിന് ശേഷം സന്ദേശം എന്താണെന്ന് പറയുക. ശേഷം വോയ്‌സ് അസിസ്റ്റന്റിനോട് സന്ദേശം അയക്കാന്‍ നിര്‍ദേശം നല്‍കിയാല്‍ മതി.

ഇതിന് പുറമെ വാട്‌സ്ആപ്പ് ആപ്പ് തുറക്കാതെ തന്നെ നോട്ടിഫിക്കേഷന്‍ ബാനറില്‍ തന്നെ ജിഫ് ദൃശ്യങ്ങളും, ചിത്രങ്ങളും കാണുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ടിഫിക്കേഷന്‍ ബാനറില്‍ നിന്നു തന്നെ ചിത്രങ്ങളും ജിഫും ഡൗണ്‍ലോഡ് ചെയ്യാനാകും. ഐഓഎസ് 10 ന് ശേഷമുള്ള പതിപ്പുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാവുകയെന്നും വാബീറ്റ ഇന്‍ഫോ പറയുന്നു.

Top