മുമ്പും സ്വർണം കടത്തിയെന്ന് തുറന്ന് സമ്മതിച്ച് അറസ്റ്റിലായ നിർമാതാവ് സിറാജുദ്ദീൻ

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിലെ പ്രതിയും സിനിമാനിർമാതാവുമായ സിറാജുദ്ദീൻ മുമ്പും സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസിനോട് തുറന്ന് സമ്മതിച്ചു. കേസിലെ മുഖ്യകണ്ണിയും ഇയാളാണെന്ന് കസ്റ്റംസ് അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആദ്യമായല്ല സ്വർണം കടത്തുന്നതെന്നും മുൻപും പല തവണ ചെയ്തിട്ടുണ്ടെന്നുമാണ് ഇയാൾ കസ്റ്റംസിനോട് പറഞ്ഞത്.

ഏപ്രിൽ അവസാനവാരം മാംസം മുറിക്കുന്ന യന്ത്രത്തിനുള്ളിൽ രണ്ട് കിലോയോളം സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ കേസിലെ പ്രതിയാണ് സിറാജുദ്ദീൻ. ബലാത്സംഗക്കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിന് ദുബായിൽ ഒളിത്താവളം ഒരുക്കിയത് ഇയാളാണെന്ന ആരോപണമുയർന്നിരുന്നു. ചാർമിനാർ, വാങ്ക് എന്നീ സിനിമകളാണ് ഇയാൾ നിർമ്മിച്ചിട്ടുള്ളത്.

കേസിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് സിറാജുദ്ദീൻ. തൃക്കാക്കര നഗരസഭ വൈസ് ചെയർമാന്‍റെ മകൻ എൻ ഇ ഷാബിൻ ഇബ്രാഹിം, ഡ്രൈവർ നകുൽ എന്നിവരെ രണ്ട് മാസം മുമ്പ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

Top