പത്തു കോടിക്കുമപ്പുറം സിറാജ് ആർസിബിയിൽ തുടർന്നതിന്റെ കാര്യങ്ങൾ

പിഎൽ മെഗാ ലേലത്തിനു മുൻപു താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി അവസാനിച്ചപ്പോൾ ചില ടീമുകൾ നിലനിർത്തിയ താരങ്ങളെ പട്ടിക കണ്ട ആരാധകർ അമ്പരന്നു, ചില നിലനിർത്തലുകൾ ഞെട്ടിച്ചു, ചിലത് പ്രതീക്ഷകൾ ശരിവച്ചു. ഏറ്റവും ചർച്ചയായത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ(ആർസിബി) പട്ടികയായിരുന്നു. അതിനു കാരണക്കാരൻ ആർസിബിയുടെ വിശ്വസ്തനായ പേസ് ബോളർ മുഹമ്മദ് സിറാജും. സിറാജിനെ ആർസിബി നിലനിർത്തിയതിൽ എന്താണ് അതിശയമെന്നു ചിന്തിക്കുന്നവർ അറിയേണ്ട മറ്റൊരു കാര്യമുണ്ട്

ഐപിഎലിലെ പുതിയ ടീമായ ലക്നൗ 10 കോടി വാഗ്ദാനം ചെയ്ത് തങ്ങളുടെ ടീമിൽ ചേരാൻ സിറാജിനെ സമീപിച്ചിരുന്നു. ആർസിബി സിറാജിനായി നൽകാൻ ഉദ്ദേശിച്ചത് പരമാവധി 7 കോടിയും. സ്വാഭാവികമായും ലക്നൗ നൽകിയ ഓഫർ സിറാജ് സ്വീകരിക്കുമെന്നു ആർസിബി മാനേജ്മെന്റ് ഉൾപ്പെടെ കരുതി. പക്ഷേ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിറാജ് ആർസിബിയിൽ തുടരാൻ തീരുമാനിച്ചു. ഈ ടീമും ഇതിലെ താരങ്ങളും തനിക്ക് അത്ര മാത്രം പ്രിയപ്പെട്ടതാണെന്നായിരുന്നു തന്റെ തീരുമാനത്തെക്കുറിച്ച് ചോദിച്ചവർക്കു സിറാജ് നൽകിയ മറുപടി.

തന്റെ പ്രകടനത്തിൽ സിറാജ് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ക്യാപ്റ്റൻ വിരാട് കോലിയോടുതന്നെയായിരിക്കും. തുടരെ മോശപ്പെട്ട പ്രകടനങ്ങൾ നടത്തിയപ്പോഴും നിർണായക മത്സരങ്ങളിൽ ടീമിന്റെ തോൽവിക്കുപോലും കാരണക്കാരനായപ്പോഴും സിറാജിനെ കോലി ചേർത്തുനിർത്തി. വീണ്ടും വീണ്ടും അവസരങ്ങൾ നൽകി. അതുകൊണ്ടുതന്നെയാണ് കോടികളുടെ ഓഫർ വന്നിട്ടും ആർസിബിയെയും ക്യാപ്റ്റൻ കോലിയെയും വിട്ടുപോകാൻ സിറാജ് തയാറാകാതിരുന്നത്. ഈ നന്ദിയും കടപ്പാടും തന്നെയാണ് സിറാജിനെ വ്യത്യസ്തനാക്കുന്നതും.

Top