എഞ്ചിനീയര്‍ ദിനം; എം വിശ്വേശ്വരയ്യക്ക് ആദരവുമായി ഗൂഗിള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ എഞ്ചിനീയര്‍ രംഗത്തെ ഇതിഹാസം എം.വിശ്വേശ്വരയ്യക്ക് ആദരവുമായി ഗൂഗിള്‍. 157-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഡൂഡില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഗൂഗിള്‍. സെപ്തംബര്‍ 15 രാജ്യം എഞ്ചിനീയറിംഗ് ദിനമായാണ് ആചരിക്കുന്നത്. രാജ്യം അദ്ദേഹത്തെ ഭാരത് രത്‌ന നല്‍കി ആദരിച്ചിരുന്നു.

രാജ്യത്തെ എഞ്ചിനീയര്‍ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു വിശ്വേശ്വരയ്യ. ഡാമുകളുടെ നിര്‍മ്മാണത്തിലാണ് അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നത്. ജലനിരപ്പ് ഉയരുമ്പോള്‍ തുറക്കാവുന്ന ഓട്ടോമാറ്റിക്ക് ഷട്ടറുകള്‍ ഡാമുകള്‍ക്ക് നല്‍കിയത് അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. 1861 സെപ്തംബര്‍ 15ന് മുദ്ദേനഹള്ളിയിലാണ് അദ്ദേഹം ജനിച്ചത്.

മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീടദ്ദേഹം ഇന്ത്യന്‍ ഇറിഗേഷന്‍ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഠഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സമ്പ്രദായം അദ്ദേഹം ആവിഷ്‌കരിച്ചു.

മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വിശ്വേശ്വരയ്യയുടെ കൃഷ്ണ രാജ് സാഗര്‍ പദ്ധതി ഇപ്പോഴും ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വലിയ ആശ്വാസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1934ല്‍ അദ്ദേഹം പുറത്തിറക്കിയ ഇന്ത്യക്കുവേണ്ടിയുള്ള സാമ്പത്തിക ആസൂത്രണങ്ങള്‍ എന്ന പുസ്തകം പ്ലാനിംഗ് കമ്മീഷനു നല്‍കിയ വലിയ സംഭാവനയാണെന്നും പ്രധാനമന്ത്രി ഓര്‍ത്തെടുത്തു.

രാജ്യത്തെ എഞ്ചിനീയര്‍മാരുടെ സംഭാവന അതി ബൃഹത്താണെന്നും എല്ലാവരെയും അനുമോദിക്കുന്നതായും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ തുടങ്ങിയവരും എം.വിശ്വേശ്വരയ്യയെ അനുസ്മരിച്ചു.

Top