ഐസക് സാറേ വാദം തുടങ്ങും മുന്‍പ് വിധി പറയാന്‍ വെപ്രാളപ്പെടാതെ; മറുപടിയുമായി മാത്യു കുഴല്‍നാടന്‍

കൊച്ചി: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ തോമസ് ഐസക്കിന് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടന്‍സിയില്‍ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്‌നം. ഇനി അങ്ങ് ഇല്ലെങ്കില്‍ അക്കൗണ്ടന്‍സി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാന്‍ സ്വാഗതം ചെയ്യും. അപ്പോ വാദം ഇനിയും തുടരാമെന്നും മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഐസക് സാറേ..
അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാന്‍ വെപ്രാളപ്പെടാതെ..

എന്റെ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് ( സംസ്ഥാനത്തിന്റെ നികുതി വരുമാനം നോക്കുമ്പോള്‍ 15 ലക്ഷം രൂപ എന്നത് കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത് ക്ഷമിക്കണം ) വേണ്ടിയാണ് എന്ന് കരുതണ്ട. വീണ CMRL ല്‍ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും, സേവനം നല്‍കിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് IGST കണക്കുകള്‍ പുറത്ത് കൊണ്ടുവരുന്നത്.

ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കില്‍ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയ കൈക്കൂലി, അല്ലെങ്കില്‍ മാസപ്പടി, അതുമല്ലെങ്കില്‍ അഴിമതി പണം എന്നേ പറയാവൂ.. ഈ കാര്യം ഞാന്‍ ചോദിച്ചിട്ട് അങ്ങയുടെ സുഹൃത്ത് ബാലന്‍ ഇതുവരെ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. ഞാന്‍ മറുപടിക്കായി കാക്കുന്നു..

പിന്നെ അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടന്‍സിയില്‍ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്‌നം. ഇനി അങ്ങ് ഇല്ലെങ്കില്‍ അക്കൗണ്ടന്‍സി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാന്‍ സ്വാഗതം ചെയ്യും..

അപ്പോ വാദം ഇനിയും തുടരാം..

Top