സിദ്ധാര്‍ത്ഥന്റെ മരണം; മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അറസ്റ്റില്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ക്രൂരമായ റാഗിങിന് പിന്നാലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് സിന്‍ജോയെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിദ്ധാര്‍ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്‌സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം സജീവമായതും പ്രതികളെ പിടികൂടിയതും.

Top