ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം; 15 മാസത്തിന് ശേഷം സിനി മാത്യൂസിന് മോചനം

വാഷിംഗ്ടന്‍: യു.എസിലെ ഡള്ളാസില്‍ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് വളര്‍ത്തമ്മ സിനി മാത്യൂസിനെ കോടതി വെറുതേ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് വളര്‍ത്തമ്മയെ കുറ്റവിമുക്തയാക്കിയിരിക്കുന്നത്. ഡള്ളാസ് ജില്ലാ അറ്റോണി ഓഫീസാണ് സിനിയെ വെറുതെ വിട്ടത്. എന്നാല്‍, കേസിലെ മറ്റൊരു പ്രതിയായ സിനിയുടെ ഭര്‍ത്താവ് വെസ്‌ലി മാത്യൂസ് വിചാരണ നേരിടണം. മാത്യൂസിനെതിരെ ചുമത്തിയിരിക്കുന്നത് കൊലകുറ്റമാണ്.

2017 ഒക്‌ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. റിച്ചഡ്‌സണിലെ വീട്ടില്‍ നിന്ന് ഷെറിന്‍ മാത്യൂസിനെ കാണാതാവുകയും പീന്നിട് വീടിന് ഒരു കിലോ മീറ്റര്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വളര്‍ത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഉപേക്ഷിച്ചുവെന്നാണ് സിനിക്കെതിരായ കേസ്. എന്നാല്‍ സിനിക്കെതിരെ കുറ്റം തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ ഇല്ലെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷന്‍ സിനിയെ വിട്ടയക്കണമെന്നും അപേക്ഷിച്ചു.

അടുത്തമാസം സിനിയുടെ കേസില്‍ ഡാലസില്‍ കോടതി വിചാരണ തുടങ്ങേണ്ടതായിരുന്നു, ഇതിനിടെയാണ് പ്രോസിക്യൂഷന്റെ അപ്രതീക്ഷിത നീക്കം. കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ 20 വര്‍ഷം വരെ തടവ് ലഭിക്കേണ്ട കുറ്റമാണ് സിനിക്കെതിരെ ചുമത്തിയിരുന്നത്. ജയിലില്‍ നിന്ന് പുറത്തുവന്ന സിനി മാധ്യമങ്ങളോട് സംസാരിക്കാന്‍ വിസമ്മതിച്ചു.

Top