ഒറ്റപ്രസവത്തിൽ പത്ത് മക്കൾ ; ലോക റെക്കോഡ് നേടി ആഫ്രിക്കൻ യുവതി

കേപ് ടൗൺ : ഒറ്റപ്രസവത്തിൽ പത്ത് കുട്ടികൾക്ക് ജന്മം നൽകി ലോക റെക്കോർഡ് നേട്ടവുമായി ദക്ഷിണാഫ്രിക്കൻ യുവതി. ഗോതെംഗ് സ്വദേശിയായ 37 കാരി ഗോസിയാമെ തമാരാ സിത്തോളാണ് ഒറ്റ പ്രസവത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകിയത്. പുറത്തു വരുന്ന വാർത്തകൾ ശരിയാണെങ്കിൽ മാലി സ്വദേശി ഹലീമ സിസ്സെയെ മറികടന്നു കൊണ്ട് സിത്തോൾ ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കും എന്നാണ് വിവരം.

7 ആൺ കുഞ്ഞുങ്ങളും 3 പെൺകുഞ്ഞുങ്ങളുമാണ് സിത്തോളിന് ജനിച്ചത്. ഇരട്ടക്കുട്ടികളുടെ അമ്മയായ സിത്തോളിന്റെ ഉള്ളിൽ എട്ട് കുഞ്ഞുങ്ങൾ വളരുന്നുണ്ട് എന്ന് ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു. പരിശോധനയിൽ ഗർഭപാത്രത്തിൽ എട്ട് കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ഡോക്ടർമാരെ പോലും ഞെട്ടിച്ചുകൊണ്ടാണ് മുപ്പത്തിയേഴുകാരി ഒരേ സമയം പത്ത് കുട്ടികളുടെ അമ്മയായത്.

ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം മാലി യുവതി ഹലീമ സിസ്സെ ഒറ്റപ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് റെക്കോഡായിരുന്നു.

വിവരം അറിഞ്ഞതായും സിത്തോളിന് ആശംസകൾ അറിയിച്ചതായും ഗിന്നസ് വേൾഡ് റെക്കോഡ്സ് വക്താവ് പ്രതികരിച്ചു. വിശദമായ അന്വേണത്തിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇപ്പോൾ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Top