എല്ലാം ഈശ്വരന്റെ വിധി,നമുക്ക് നഷ്ടപ്പെട്ടതെല്ലാം ഒരിക്കല്‍ നമ്മളിലേക്ക് തന്നെ വന്നുചേര്‍ന്നേക്കാം

മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്ഫോമിലിരുന്ന് ഗാനമാലപിച്ചിരുന്ന രാണു മണ്ടലിനെ ഇന്ന് അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ലോകത്തിന്റെ ഹൃദയം കവര്‍ന്ന സ്ത്രീയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

എന്നാല്‍ ഇപ്പോള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് ലത മങ്കേഷ്‌കറുടെ ‘ഏക് പ്യാര്‍ ക നഗ്മ ഹൈ’;പാടി പേരെടുത്ത ആളേയല്ല രാണു മണ്ടല്‍.ചലച്ചിത്ര പിന്നണി ഗായികയാണ്.

ഇതുവരെ തുണയ്ക്ക് ആരുമില്ലാതിരുന്ന രാണുവിന് സ്വന്തക്കാരായി ഇപ്പോള്‍ നിരവധി പേരുണ്ട്. അകന്നു കഴിഞ്ഞിരുന്ന മകള്‍ എലിസബത്ത് സതി റോയും അമ്മയുടെ പ്രശസ്തിയില്‍ കൂട്ടിനെത്തി. അതിനെതിരെ നിരവധി വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി എലിസബത്ത് രംഗത്തുവന്നിരുന്നു. അമ്മ റെയില്‍വെ സ്റ്റേഷനിലിരുന്ന് പാടുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. കാരണം എനിക്ക് അമ്മയെ നിത്യവും സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നായിരുന്നു എലിസബത്തിന്റെ പ്രതികരണം. മകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും പ്രതികരിക്കാതെ മകളെ ചേര്‍ത്തുപിടിക്കുകയാണ് രാണു ചെയ്തത്. ഇപ്പോഴിതാ മകള്‍ക്ക് നേരെ ഉയര്‍ന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രാണു.

ഭൂതകാലത്തുണ്ടായ സംഭവങ്ങളിലേക്കൊന്നും ഞാന്‍ പോകുന്നില്ല. പഴയതെല്ലാം ചികഞ്ഞെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എല്ലാം ഈശ്വരന്റെ വിധി. നമുക്ക് നഷ്ടപ്പെട്ടതെല്ലാം ഒരിക്കല്‍ നമ്മളിലേക്ക് തന്നെ വന്നുചേര്‍ന്നേക്കാം- രാണു പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച രാണു മണ്ടലിന്റെ ആദ്യ ബോളിവുഡ് ഗാനം പുറത്തിറങ്ങിയതോടെ നിരവധി അവസരങ്ങളാണ് ഇവരെ തേടിയെത്തിയത്. ഹിമേഷ് രേഷ്മിയ ഒരുക്കിയിരിക്കുന്ന ‘തേരി മേരി കഹാനി’ എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബോളിവുഡില്‍ നിരവധി അവസരങ്ങളാണ് രാണുവിനെ തേടി എത്തിയിരിക്കുന്നത്.

Top