53 ലോക റെക്കോർഡ്, ഇതിൽ 17 ഗിന്നസ് . . ഒരു സംഭവം തന്നെയാണ് ഈ വിവാദ ‘ദൈവം’

ന്യൂഡല്‍ഹി: ബലാത്സംഗ വീരനായി പൊതു സമൂഹം വിലയിരുത്തുമ്പോഴും കോടതി കുറ്റക്കാരനെന്ന് വിധിക്കുമ്പോഴും വിവാദ ആള്‍ ദൈവത്തിനു വേണ്ടി സംസാരിക്കാന്‍ ഇപ്പോഴുമുണ്ട് ലക്ഷക്കണക്കിന് പേര്‍.

ഒരു പക്ഷേ അധികം ആര്‍ക്കും ലോകത്ത് തന്നെ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ലഭിക്കാത്ത പിന്തുണയാണിത്.

അനുയായികളുടെ സ്‌നേഹം അതിര് വിട്ട് കലാപത്തിലേക്ക് നീങ്ങിയത് ശരിയായില്ലന്ന് വാദിക്കുന്ന വിഭാഗത്തിലും ഉത്തരേന്ത്യയില്‍ ഗുര്‍മീതിന്റെ ആരാധകരുണ്ട്. അതില്‍ തന്നെ നല്ലൊരു വിഭാഗവും സ്ത്രീകളാണ് എന്നതാണ് ശ്രദ്ധേയം.

എന്തുകൊണ്ടാണ് ഭ്രാന്തമായ രൂപത്തില്‍ ഇങ്ങനെ പെരുമാറുന്നതെന്ന ചോദ്യത്തിന് ഗുര്‍മീത് ചെയ്യുന്ന പല കാര്യങ്ങളും സാധാരണ മനുഷ്യര്‍ക്ക് ചെയ്യാന്‍ പറ്റാത്തതാണെന്നും വലിയ ഒരു പോസറ്റീവ് എനര്‍ജി തന്നെയാണ് അവിടെ നിന്നും ലഭിക്കുന്നതെന്നുമാണ് ഭക്തരുടെ വാദം.

കോടി കണക്കിന് ആരാധകരുള്ള ഗുര്‍മീതിന്റെ സൗഹൃദവലയത്തില്‍ ശില്പ ഷെട്ടിയടക്കം നിരവധി സൂപ്പര്‍ താരങ്ങള്‍ ഉണ്ട്.

ഉത്തരേന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും അടുത്ത ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്.
PicsArt_08-26-06.22.07

പൊതു സേവന കാര്യത്തില്‍ ഒരു പിശകും കാണിക്കാത്ത ഗുര്‍മീതിന്റെയും അദ്ദേഹത്തിന്റെ സംഘടനയായ ദേര സച്ചാ സൗദ പ്രവര്‍ത്തനങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്

സ്‌പോര്‍ട്‌സിലും സിനിമാ അഭിനയത്തിലും തല്‍പരനായ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂണിവേഴ്‌സല്‍ മ്യൂസിക് പുറത്തിറക്കിയിട്ടുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് സര്‍ക്കാര്‍ ഇദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്

രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയുടെ പരിഹാരത്തിന് വേണ്ടി റാം റഹിം ഗുര്‍മീത് നടത്തിയ പരിപാടിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകാരം ലഭിച്ചിരുന്നു.

അമേരിക്കന്‍ സൊസൈറ്റി ഓഫ് എക്കോകാര്‍ഡിയോഗ്രാഫുമായി ചേര്‍ന്ന് ഗുര്‍മീത് നടത്തിയ കാര്‍ഡിയാക് എക്കോ ടെസ്റ്റുകളും അദ്ദേഹത്തെ ലോക റെക്കോര്‍ഡിന് അര്‍ഹനാക്കി മാറ്റി.

കേന്ദ്ര സര്‍ക്കാരിന്റെ ശുചികരണപ്രവര്‍ത്തനങ്ങളെ പ്രോഹത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2011 സെപ്റ്റംബര്‍ 21ല്‍ ഡല്‍ഹി കേന്ദ്രികരിച്ച് ശുചികരണപ്രവര്‍ത്തനങ്ങള്‍ക്കും ഗുര്‍മീത് നേതൃത്വം നല്‍കി.
PicsArt_08-26-06.22.50

2016ല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായും 30ഓളം ശുചികരണപ്രവര്‍ത്തനങ്ങളും ഗുര്‍മീതിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.

സിര്‍സയിലെ ഷാ സത്‌നം ജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ സ്ഥാപകനുമാണ് രാം റഹീം.

ഒഡീഷ ചുഴലിക്കാറ്റിലും ഗുജറാത്ത് ഭൂകമ്പത്തിലും നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കു വേണ്ടി 2001 ല്‍ അദ്ദേഹം ഷാ സത്‌നം ജി ഗ്രീന്‍എസ് വെല്‍ഫെയര്‍ ഫോഴ്‌സ് വിംഗ് എന്ന പ്രത്യേക ദുരിതാശ്വാസക്ഷമ ഏജന്‍സിയും സ്ഥാപിച്ചു.

കന്നുകാലികളെ അറക്കുന്നതിനെതിരേയും റാം റഹിം ഗുര്‍മീത് ശക്തമായി രംഗത്ത് വന്നിരുന്നു.

ലൈംഗിക തൊഴിലാളികളുടെ വിവാഹം നടത്തിക്കൊടുക്കുക, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഗുര്‍മീതിന്റെ ജനപിന്തുണ വര്‍ധിപ്പിക്കാനിടയാക്കി.

ഗുര്‍മീത് അഞ്ച് സിനിമകളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട് ആ സിനിമകളിലെല്ലാം നായകനും അദ്ദേഹമായിരുന്നു. സിനിമ-ആല്‍ബം ഗാനങ്ങളില്‍ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ച് പാടുകയും ചെയ്തു.

വോളിബോള്‍, കബഡി, ലോണ്‍ ടെന്നിസ്, ക്രിക്കറ്റ്, ഫുട്‌ബോള്‍, ബില്യാഡ്‌സ്, ടേബിള്‍ ടെന്നിസ്, സ്‌നൂക്കര്‍, ബാസ്‌ക്കറ്റ് ബോള്‍, വാട്ടര്‍ പോളോ തുടങ്ങിയ കായിക ഇനങ്ങളെല്ലാം കളിക്കാനറിയാവുന്ന വ്യക്തികൂടിയാണ് ഈ ആള്‍ ദൈവം.

53 ലോക റെക്കോഡുകളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ 17 എണ്ണം ഗിന്നസ് റെക്കോര്‍ഡാണ്. 27 എണ്ണം ഏഷ്യ ബുക്ക് റെക്കോര്‍ഡും ഏഴെണ്ണം ഇന്ത്യ ബുക്ക് റെക്കോര്‍ഡും രണ്ടെണ്ണം ലിംക റെക്കോര്‍ഡുമാണ്. യു.കെ ആസ്ഥാനമായ വേള്‍ഡ് റെക്കോഡ്‌സ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ഗുര്‍മീത് റാം റഹീമിനെ ആദരിച്ചിട്ടുണ്ട്.

Top