ഭര്‍ത്താവിന് ക്രിസ്മസ് സമ്മാനമായി ഭാര്യ നല്‍കിയത് മൂന്നു കോടിയുടെ കാര്‍

സാധാരണ ക്രിസ്മസിന് ഒരു ഭാര്യ ഭര്‍ത്താവിന് എന്താകും സമ്മാനമായി നല്‍കുക, ഒരു കേക്ക് കൂടിപ്പോയാല്‍ ഒരു ക്യാന്റില്‍ ലൈറ്റ് ഡിന്നര്‍. എന്നാല്‍ ആ ഉത്തരങ്ങളെല്ലാം തെറ്റാണ് എന്ന് തായ്‌വാനി സൂപ്പര്‍ സ്റ്റാര്‍ പാട്ടുകാരനും സംഗീത സംവിധായകനുമൊക്കെയായ ജേ ചൗവിന്റെ ഭാര്യ പറയും.

ചൗവിന്റെ ഭാര്യയും നടിയും മോഡലുമായ ഹന്ന ക്വിന്‍ലിവാന്‍ ക്രിസ്മസിന് അദ്ദേഹത്തിന് നല്‍കിയത് കോടികള്‍ വിലയുള്ള ഒരു ആഢംബര വാഹനമാണ്. അതും വെറുമൊരു കാറല്ല, ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവിയായ മൂന്നു കോടിയുടെ ലംബോര്‍ഗിനിയാണ് ആ സമ്മാനം.

ചൗവിനുള്ള ജന്മദിന സമ്മാനം കൂടിയാണ് കാര്‍ എന്നാണ് ഭാര്യ പറഞ്ഞത്. നിരവധി ആഢംബര വാഹനങ്ങള്‍ക്ക് ഉടമയാണ് നാല്‍പ്പതുകരനായ ജേ ചൗ. തായ്‌വാനിലാണ് ഇരുവരുടെയും താമസം.

ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അതിവേഗ കാറായ ഉറൂസിന് നിരവധി പ്രത്യേകതളുണ്ട്. കാല്‍ നൂറ്റാണ്ടിനു ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്‌യുവിയാണ് ഉറൂസ്. ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍ എന്നറിയിപ്പെടുന്ന ഉറൂസിന് 3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ v8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്.

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. ഏകദേശം 324,000 ഡോളര്‍ അഥവാ മൂന്ന് കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ വില.

Top