കൊവിഡ്; കനിക കപൂറിന്റെ ആറാമത്തെ പരിശോധനാഫലം നെഗറ്റീവ്

ന്യൂഡല്‍ഹി: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആറാമത്തെ പരിശോധനാഫലം നെഗറ്റീവ്. ലഖ്‌നൗവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ടെങ്കിലും കനിക കപൂര്‍ 14 ദിവസം വീട്ടില്‍ കരുതല്‍ നിരീക്ഷണത്തില്‍ തുടരും.

കഴിഞ്ഞ അഞ്ച് തവണയും ഫലം പോസിറ്റീവ് ആയത് ഡോക്ടര്‍മാരെയും കുടുംബാംഗങ്ങളെയും ആശങ്കയിലാഴ്ത്തിയിരുന്നു.

ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ കനിക കപൂറിന് മാര്‍ച്ച് 20 നാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.ലണ്ടനില്‍ നിന്ന് തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെച്ച് വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് ഒഴിവാകുകയായിരുന്നു.

ലണ്ടനില്‍ നിന്നും മുംബൈയിലെത്തിയ അവര്‍ പിന്നീട് ലക്‌നൗവില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. കനികയുടെ അച്ഛന്റെ മൊഴി പ്രകാരം അവര്‍ മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം താമസിച്ചത് കനിക തങ്ങിയ അതേ ഹോട്ടലിലാണെന്നും പിന്നീട് പൊലീസ് മനസിലാക്കിയിരുന്നു.

രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിന് കനിക കപൂറിനെതിരെ ലക്നൗ പൊലീസ് കേസ് എടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരം കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നല്‍കുകയും പിഴ ഈടാക്കുകയും ചെയ്യാം.

Top