ഡ്രോണ്‍ തലയ്ക്കിടിച്ച് ഗായകന്‍ ബെന്നി ദയാലിന് പരിക്ക്

ചെന്നൈ: ഗായകന്‍ ബെന്നി ദയാലിന് ഡ്രോണ്‍ തലയ്ക്കിടിച്ച് പരിക്ക്. ചെന്നൈയിലെ ഒരു കോളേജില്‍ സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലായിരുന്നു സംഭവം. ബെന്നി ദയാല്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ തലയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വീഡിയോയില്‍ കാണുന്നത്.

ബെന്നി ദയാല്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങുമ്പോള്‍ മുതല്‍ ഡ്രോണ്‍ സ്‌റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാലിന്റെ സമീപത്തുകൂടിയായിരുന്നു ഡ്രോണ്‍ പറന്നത് പെട്ടെന്ന് ഡ്രോണ്‍ ബെന്നിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ബെന്നിയെ സഹായിക്കാന്‍ സ്റ്റേജില്‍ ഉള്ളവരും കാണികളും കയറിവരുന്നത് വീഡിയോയില്‍ കാണാം. ‘ഉര്‍വശി, ഉര്‍വശി’ എന്ന ഗാനമായിരുന്നു ബെന്നി അപകട സമയത്ത് ആലപിച്ചുകൊണ്ടിരുന്നത്.

ബെന്നി ദയാല്‍ പിന്നീട് അപകടത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വിശദീകരിച്ചു. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്ന കലാകരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ഇദ്ദേഹം വീഡിയോയില്‍ പറയുന്നു. തന്റെ കൈയ്യിലും, തലയിലും പരിക്കുണ്ടെന്നും ഇത് ഭേദമായി വരുന്നെന്നും ബെന്നി ദയാല്‍ പറയുന്നു. ഒപ്പം തന്നെ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയും താരം പറയുന്നുണ്ട്.

ഇത്തരം സ്റ്റേജ് പരിപാടികളിലെ ഡ്രോണ്‍ ഉപയോഗത്തെക്കുറിച്ചും ബെന്നി ദയാല്‍ പ്രതികരിച്ചു. ഡ്രോണുകള്‍ തങ്ങളുടെ അടുത്തേയ്ക്ക് വരില്ലെന്നത് ആര്‍ട്ടിസ്റ്റുകള്‍ നേരത്തെ ഉറപ്പാക്കണമെന്ന് ബെന്നി ദയാല്‍ പറയുന്നു. ഒപ്പം ഡ്രോണുകള്‍ പറത്തുന്നവര്‍ അതില്‍ വൈദഗ്ധ്യം ഉള്ളവരായിരിക്കണമെന്നും ഇദ്ദേഹം പറയുന്നുണ്ട്. പരിപാടികള്‍ നടത്തുന്ന കോളേജ് അധികൃതരും കമ്പനികളും സംഘാടകരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബെqന്നി ദയാല്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Top