ഐടി സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ടെമാസെക്കും ഇന്‍ഫോസിസും കൈകോര്‍ക്കുന്നു

ബെംഗളൂരു: സിംഗപ്പൂരിലെ സ്റ്റേറ്റ് ഇന്‍വെസ്റ്ററായ ടെമാസെക്കുമായി ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിച്ചതായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനി ഇന്‍ഫോസിസ് ലിമിറ്റഡ് അറിയിച്ചു. ഇതിലൂടെ തെക്ക് കിഴക്ക് ഏഷ്യയില്‍ തങ്ങളുടെ സാന്നിധ്യമെത്തിക്കുകയാണ് ഇന്‍ഫോസിസ്. ഇന്‍ഫോസിസിന് 60 ശതമാനം ഓഹരികളും, ടെമാസെക്കിന് 40 ശതമാനം ഓഹരികളുമാണ് സംയുക്ത സംരംഭത്തിലുള്ളത്. സംരംഭത്തിലൂടെ തങ്ങളുടെ ഐടി സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടെമാസെക്ക്.

സിംഗപ്പൂരിലെ ടെമാസെക്ക് യൂണിറ്റായ ട്രസ്റ്റഡ് സോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങളെയും ഇന്‍ഫോസിസിന്റെ ടീമിനെയും സമന്വയിപ്പിച്ചായിരിക്കും സംയുക്ത സംരംഭം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ടെമാസെക്കിനു പുറമേ മറ്റ് ക്ലൈന്റുകള്‍ക്ക് വേണ്ടിയും ട്രസ്റ്റഡ് സോഴ്‌സ് ഐടി സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭത്തില്‍ ട്രസ്റ്റഡ് സോഴ്‌സില്‍ നിന്നുള്ള 200 ലേറെ ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരും ജോലി ചെയ്യുന്നുണ്ട്. ഇന്‍ഫോസിസിന്റെ വൈസ് പ്രസിഡന്റും, സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണല്‍ മേധാവിയുമായ ശ്വേത അറോറയായിരിക്കും പുതിയ സംരംഭത്തിന്റെ എക്‌സിക്യൂട്ടിവ് ഓഫീസര്‍.

Top