singapore reduces indian it professional visas

visa

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപ്പൂര്‍ വിസ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്.

സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം കുറിച്ചിരിക്കുന്നു.

സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളോട് സ്വദേശികളായവര്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ചില കമ്പനികള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് തങ്ങളുടെ പ്രവര്‍ത്തനം മാറ്റുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സ്വദേശികള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെ നിയന്ത്രിക്കുന്ന നിലപാട് അടുത്തിടെ അമേരിക്ക കടുപ്പിച്ചിരുന്നു. സിംഗപ്പൂരും ഈ പാതയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ കമ്പനികള്‍ ഈ പ്രശ്‌നം അഭിമുഖീകരിച്ചുവരികയാണ്. 2016ന്റെ തുടക്കത്തില്‍ത്തന്നെ ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതായി നാസ്‌കോം മേധാവി ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്ത്യയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ നിയന്ത്രിക്കുന്നതിന് എക്കണോമിക് നീഡ് ടെസ്റ്റ് എന്ന പേരില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നിതിനുള്ള നടപടിക്രമങ്ങള്‍ നിര്‍ബന്ധമാക്കിയതായും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അടുത്ത കാലത്തായി ലോകത്തിലെ പല പ്രമുഖ രാജ്യങ്ങളും പുറത്തുനിന്നുള്ള ഉദ്യോഗാര്‍ഥികളെ നിയന്ത്രിക്കുന്നതിനായുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

ഒരേ യോഗ്യതകളുള്ള സ്വദേശിയുടെയും വിദേശിയുടെയും അപേക്ഷകളിന്‍മേല്‍ സ്വദേശിയായ ഉദ്യോഗാര്‍ഥിക്ക് മുന്‍ഗണന നല്‍കണമെന്ന് പല രാജ്യങ്ങളും നിബന്ധന വെച്ചിട്ടുണ്ട്

Top