സിങ്കപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സെമി ഫൈനലില്‍ പി.വി.സിന്ധുവും

സിങ്കപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റൺ സെമി ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധു . ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യൂ ഹാനിനെ കീഴടക്കിയാണ് രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു അവസാന നാലിലേക്കെത്തിയത്.

വനിതാ വിഭാഗം സിംഗിള്‍സ് മത്സരത്തില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും സിന്ധു, പിന്നീടുള്ള രണ്ട് ഗെയിമുകളില്‍ വിജയിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 17-21, 21-11 21-19. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടു.

ടൂര്‍ണമെന്റിലെ ഇന്ത്യയുടെ കിരീടപ്രതീക്ഷയാണ് സിന്ധു. ആദ്യ ഗെയിമില്‍ സിന്ധു നിരവധി പിഴവുകള്‍ വരുത്തി. എന്നാല്‍ രണ്ടാം ഗെയിമില്‍ താരം ഫോമിലേക്കെത്തി. ഈ ഗെയിമില്‍ എതിരാളിയ്ക്ക് വെറും 11 പോയന്റ് മാത്രമാണ് നേടാനായത്. എന്നാല്‍ മൂന്നാം ഗെയിമില്‍ തീപാറുന്ന പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. ആര്‍ക്കും വിജയിക്കാമെന്ന സ്ഥിതി. എന്നാല്‍ പരിചയ സമ്പത്തിന്റെ കരുത്തില്‍ സിന്ധു സെമിയിലേക്കെത്തി. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയാണ് സിന്ധുവിന്റെ എതിരാളി.

Top