കൊറോണ ; സിംഗപ്പൂരില്‍ ഓറഞ്ച് അലേര്‍ട്ട്, 40 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

സിംഗപ്പൂര്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. സിംഗപ്പൂരില്‍ ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. അതില്‍ നാലുപേരുടെ നില ഗുരുതരമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ വരുമെന്നതിനാല്‍ ജനങ്ങള്‍ കഴിയുന്നത്ര വീടുകളില്‍ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ ഓരോ ദിവസം ചെല്ലുന്തോറും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ചൈനയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 803 ആയി. ഇന്നലെ മാത്രം 81 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഹോങ്കോങ്ങിലും ഫിലീപ്പിന്‍സിലും നേരത്തെ ഓരോരുത്തരും മരിച്ചതിനാല്‍ ആകെ മരണസംഖ്യ 805 ആയി. അതിനിടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം സാര്‍സിനേക്കാളും ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

2002-03 കാലഘട്ടത്തില്‍ ലോകത്ത് ഭീതി വിതച്ച സാര്‍സിനെ തുടര്‍ന്ന് 774 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കൊറോണ ഇനിയും നിയന്ത്രണവിധേയമാകാത്തതിനാല്‍ മരണ സംഖ്യ ഉയരാനാണ് സാധ്യത. ചൈനയ്ക്ക് പുറമെ 30തോളം രാജ്യങ്ങളില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. മൊത്തം 37,547 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.

Top